വാഷിങ്ടൻ: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുവ നടപടികൾ വിലക്കിയ ഉത്തരവ് സ്‌റ്റേ ചെയ്‌ത് അപ്പീൽ കോടതി. ട്രംപിന്റെ തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന യുഎസ് ഫെഡറൽ കോടതിയുടെ വിധിക്കാണ് അപ്പീൽ കോടതി സ്‌റ്റേ അനുവദിച്ചത്. കേസ് വീണ്ടും ജൂൺ ഒമ്പതിന് പരിഗണിക്കും.
വിധി മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷയ്‌ക്ക് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം നൽകിയ അപ്പീലിലായിരുന്നു കോടതി നടപടി. താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും, നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും വ്യക്‌തമാക്കിയായിരുന്നു ഫെഡറൽ കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്.
യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ മറ്റു രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്താൻ ട്രംപിന് അധികാരമില്ല. പുതിയ തീരുവ ചുമത്തുന്നതിൽ നിന്ന് ട്രംപിനെ തടഞ്ഞ കോടതി, നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്ന് വിമർശിക്കുകയും ചെയ്‌തിരുന്നു.
1977ലെ ഇന്റർഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് (ഐഇഇപിഎ) എന്ന നിയമപ്രകാരം താരിഫ് ഉയർത്താൻ കോൺഗ്രസ് ഒരിക്കലും പ്രസിഡണ്ടിന് അധികാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അടിയന്തിര സാഹചര്യങ്ങളിൽ പ്രത്യേകിച്ച്, ഗുരുതരമായ ഭീഷണി നേരിടുമ്പോൾ സാമ്പത്തിക നടപടിയെടുക്കാൻ മാത്രമാണ് ഐഇഇപിഎ നിയമം പ്രസിഡണ്ടിന് അധികാരം നൽകുന്നതെന്നും കോടതി പറഞ്ഞു.
താൻ ആഗ്രഹിക്കുന്ന ഏതെങ്കിലും താരിഫ് നിശ്‌ചയിക്കാൻ ഈ നിയമം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, ഉത്തരവിന് സ്‌റ്റേ വന്നതോടെ ട്രംപിന് ആശ്വാസമായി. അതിനിടെ, യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് താൽക്കാലികമായി 15% അധിക തീരുവ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
150 ദിവസത്തേക്ക് അധിക തീരുവ ഏർപ്പെടുത്തുന്നത് ട്രംപ് സർക്കാർ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നാണ് സൂചന. മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര അന്തരം പരിഹരിക്കാനുള്ള താൽക്കാലിക സംവിധാനമെന്ന നിലയിൽ 150 ദിവസത്തേക്ക് 15% വരെ അധിക തീരുവ ചുമത്താൻ 1974ലെ യുഎസ് വ്യാപാര നിയമം അനുവദിക്കുന്നുണ്ട്. ഈ വകുപ്പ് ഉപയോഗിച്ചാകും യുഎസ് സർക്കാരിന്റെ നീക്കം.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം