വാഷിങ്ടൻ: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉറപ്പ് നൽകിയെന്നും ട്രംപ് പറഞ്ഞു. ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ കുറിച്ച് ബെന്യാമിൻ തന്നെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും ട്രംപ് ആവർത്തിച്ച് വ്യക്തമാക്കി.
ദോഹ ഉച്ചകോടിക്ക് പിന്നാലെയാണ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്ന് ഹമാസിന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, ഹമാസിനെ ലക്ഷ്യമിട്ട് വിദേശത്ത് ഇനിയും ആക്രമണം നടത്തിയേക്കും എന്നാണ് നെതന്യാഹുവിന്റെ നിലപാട്. സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്. അതിർത്തി കടന്നും അത് വിനിയോഗിക്കും. ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
മിസൈലുകൾ ആകാശത്ത് എത്തിയതിന് ശേഷമാണ് തങ്ങൾ വിവരം അറിഞ്ഞതെന്നും അതിനാൽ ആക്രമണത്തെ എതിർക്കാൻ ട്രംപിന് അവസരം ലഭിച്ചില്ലെന്നുമാണ് ഖത്തറിൽ നടന്ന ആക്രമണത്തെ കുറിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന വിവരം. അതിനിടെ, ഇസ്രയേലിലെ വിവിധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ ഇക്കാര്യം തള്ളിയിരുന്നു.
ഇസ്രയേലിനെ താക്കീത് ചെയ്ത അറബ്- മുസ്ലിം രാജ്യങ്ങളുടെ അടിയന്തിര ഉച്ചകോടി സമാപിച്ചു. ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള ഏത് കടന്നാക്രമണവും അറബ്-മുസ്ലിം ലോകത്തിന് നേരെയുള്ള ആക്രമണമായി കാണുമെന്നും ദോഹയിൽ നടന്ന ഉച്ചകോടി വ്യക്തമാക്കി. പലസ്തീനിൽ സമാധാനത്തിന് ഇസ്രയേലിന്റെ നിലപാടുകൾ തടസമാണെന്നും ഉച്ചകോടി കുറ്റപ്പെടുത്തി.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം