ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ബഹിരാകാശ നിലയത്തിലേക്ക് പരീക്ഷണത്തിനായി കൊണ്ടുപോയ ‘ഉമ’ നെൽവിത്ത് വികസിപ്പിക്കുന്നതിനുള്ള ഗവേഷണത്തിന് നേതൃത്വം നൽകിയത് മലയാളിയായ ശാസ്‌ത്രജ്‌ഞ. പത്തനംതിട്ട കോന്നി സ്വദേശിനിയായ ശാസ്‌ത്രജ്‌ഞ ഡോ. ആർ ദേവികയാണ് നെൽവിത്ത് വികസിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ചത്.
കേരള സർവകലാശാല വികസിപ്പിച്ചെടുത്തതാണ് ഈ നെൽവിത്ത്. സർവകലാശാലയുടെ കുട്ടനാട് മങ്കൊമ്പിലെ റിസർച്ച് സെന്ററിൽ 1998ൽ ദേവികയുടെ നേതൃത്വത്തിൽ ഡോ. ലീനകുമാരി, ഡോ. രമാഭായി എന്നിവരാണ് വിത്ത് വികസിപ്പിച്ചത്. കർഷകർക്ക് പറയാൻ എളുപ്പമുള്ള പേരിടാൻ നിർദ്ദേശമുണ്ടായി. അന്ന് കൈക്കുഞ്ഞായിരിക്കെ അകാലത്തിൽ വിട്ടുപോയ മകൾ ഉമയുടെ പേരാണ് ദേവികയ്‌ക്ക് ഓർമയിൽ വന്നത്.
അങ്ങനെ ‘ഉമ’ എന്ന പേര് വിത്തിന് നൽകി. മികച്ച വിളവ് നൽകുന്ന നെൽവിത്തായി ഇതുമാറി. കോന്നി പെരിഞോട്ടയ്‌ക്കൽ ശ്രീഭവൻ (കൊച്ചുവീട്ടിൽ) ഡോ. എംകെ ശ്രീധരൻ പിള്ളയുടെയും എൽ രാജമ്മയുടെയും മകളാണ് ദേവിക. ഐരവൺ പിഎസ്‌വിപിഎം ഹൈസ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. നിലവിൽ മകനൊപ്പം വിശ്രമജീവിതത്തിലാണ്. അകാലത്തിൽ വിട്ടുപോയ മകളുടെ ഓർമപ്പെടുത്തൽ കൂടിയാണ്, ഉമ എന്ന നെൽവിത്തിന്റെ ബഹിരാകാശ യാത്രയും.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!







































