പാരീസ്: ന്യൂയോർക്ക്- പാരിസ് എയർ ഫ്രാൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ പൈലറ്റുമാർക്ക് നിയന്ത്രണം നഷ്‌ടമായതായി റിപ്പോർട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഫ്രാൻസ് ഏവിയേഷൻ സേഫ്റ്റി വിഭാഗം അറിയിച്ചു.
ബോയിങ് 777 എഎഫ് 011 വിമാനത്തിന്റെ നിയന്ത്രണമാണ് ലാൻഡ് ചെയ്യുന്നതിനിടെ പൈലറ്റുമാർക്ക് നഷ്‌ടമായത്. അപകടത്തിൽ നിന്ന് കഷ്‌ടിച്ചാണ് രക്ഷപ്പെട്ടതെന്നും ബ്യൂറോ ഓഫ് എൻക്വയറി ആൻഡ് അനാലിസിസ് ഫോർ സിവിൽ ഏവിയേഷൻ സേഫ്റ്റി (ബിഇഎ) കണ്ടെത്തി. ചൊവ്വാഴ്‌ച രാവിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് സംഭവം.
ഏറെ നേരത്തെ ആശങ്കയ്‌ക്ക് ശേഷം വിമാനം നിയന്ത്രണത്തിലാകുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്‌തതായും യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
രണ്ടാമത്തെ ശ്രമത്തിലാണ് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്. ആദ്യം ലാൻഡ് ചെയ്യുന്ന സമയത്ത് വിമാനം പൈലറ്റുമാർക്ക് പൂർണമായി നിയന്ത്രിക്കാനായില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം ഗുരുതരമാണെന്നാണ് അധികൃതർ പറയുന്നത്. വലിയ അപകട സാധ്യതയുണ്ടായിരുന്നെന്നും കൃത്യമായ ഇടപെടൽ കാരണമാണ് പ്രശ്‌നങ്ങളില്ലാതിരുന്നതെന്നും ഉന്നത അധികൃതരെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട് ചെയ്‌തു. സംഭവം എയർ ഫ്രാൻസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഫ്‌ളൈറ്റ് ഡാറ്റയും കോക്ക്പിറ്റ് സംഭാഷണങ്ങളും അടങ്ങിയ ബ്ളാക്ക് ബോക്‌സുകൾ വീണ്ടെടുത്തുവെന്നും വിശകലനം ചെയ്യുകയാണെന്നും അധികൃതർ അറിയിച്ചു.
Most Read: റഷ്യ-യുക്രൈൻ യുദ്ധം; ഡെൽഹി-മോസ്‌കോ വിമാനം എയർ ഇന്ത്യ റദ്ദാക്കി







































