ന്യൂഡെൽഹി: ഭൂകമ്പം പിടിച്ചുകുലുക്കിയ മ്യാൻമറിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം. 16,000 ഇന്ത്യക്കാരാണ് മ്യാൻമറിൽ ഉള്ളത്. ദുരിതാശ്വാസ വസ്‌തുക്കളുമായി നാല് നാവികസേനാ കപ്പലുകളും രണ്ട് വിമാനങ്ങളും കൂടി മ്യാൻമറിലേക്ക് അയക്കും. മൂന്നാമത്തെ എൻഡിആർഎഫ് സംഘം ഉടൻ പുറപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദുരന്ത ഭൂമിയിൽ ഇന്ത്യൻ സൈന്യം താൽക്കാലിക ആശുപത്രി സ്‌ഥാപിക്കും. അതിനായി 118അംഗ മെഡിക്കൽ സംഘം ആഗ്രയിൽ നിന്ന് പുറപ്പെട്ടു. കഴിഞ്ഞദിവസം 15 ടൺ ദുരിതാശ്വാസ വസ്‌തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂണിൽ എത്തിയിരുന്നു. മ്യാൻമറിന് സാധ്യമായ എല്ലാ സഹായവും നൽകാൻ തയ്യാറാണെന്ന് കഴിഞ്ഞദിവസം എക്‌സിൽ പങ്കുവെച്ച പോസ്‌റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
”മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തെ തുടർന്നുള്ള സ്‌ഥിതിഗതികളിൽ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്‌ക്കും ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്. മ്യാൻമറിലും തായ്‌ലൻഡിലും സർക്കാരുകളുമായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്”- മോദി എക്‌സിൽ കുറിച്ചു.
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഉച്ചയ്‌ക്ക് 12.50ന് മ്യാൻമറിലുണ്ടായത്. പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. 2376 പേർക്ക് പരിക്കേറ്റു. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. തായ്‌ലൻഡിൽ പത്തുപേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ