കൊച്ചി: വിദേശവിനിമയ (ഫെമ) ചട്ടങ്ങൾ ലംഘിച്ച് പണം സമാഹരിച്ചെന്ന് കണ്ടെത്തിയതിന്റെ പശ്‌ചാത്തലത്തിൽ പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. ഇഡിയുടെ കൊച്ചി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ.
ചിട്ടിക്ക് എന്ന പേരിൽ ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നിയമവിരുദ്ധമായി പ്രവാസികളിൽ നിന്ന് നേരിട്ട് 593 കോടി രൂപ സമാഹരിച്ചെന്നും ഇത് പിന്നീട് പണമായി കൈമാറിയെന്നും ഇഡി കണ്ടെത്തിയിരുന്നു. കോഴിക്കോട്ടും ചെന്നൈയിലും ഗോകുലത്തിന്റെ ഓഫീസുകളിലും വീടുകളിലുമായി നടത്തിയ പരിശോധനയിൽ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട രേഖകളും 1.50 കോടി രൂപയും പിടിച്ചെടുത്തതായും ഇഡി വ്യക്‌തമാക്കിയിരുന്നു.
ഇതിൽ കൂടുതൽ വ്യക്‌തത വരുത്താനാണ് ചോദ്യം ചെയ്യൽ. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് കോർപറേറ്റ് ഓഫീസ്, ഗോകുലം ഗോപാലന്റെ മകനും എംഡിയുമായ ബൈജുവിന്റെ നീലാങ്കരയിലെ വസതി എന്നിവിടങ്ങളിലായി 14 മണിക്കൂർ നീണ്ട പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നത്. ഗ്രൂപ്പ് ചെയർമാനായ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട ചോദ്യം ചെയ്യലാണ് ഇപ്പോൾ നടക്കുന്നത്. ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകൾ കഴിഞ്ഞ മൂന്നുമാസമായി ഇഡി നിരീക്ഷിച്ചിരുന്നതായാണ് വിവരം. 2022ൽ ഇഡിയുടെ കൊച്ചി യൂണിറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഗോകുലം നിർമിച്ച ചില സിനിമകളിൽ നിക്ഷേപിച്ചത് ഫെമ നിയമം ലംഘിച്ച് സ്വീകരിച്ച പണമാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ