ന്യൂഡെല്‍ഹി: പത്താം ദിവസത്തിലേക്ക് കടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമാവാന്‍ രാജ്യ തലസ്ഥാനത്ത് എത്തിച്ചേര്‍ന്ന മുതിര്‍ന്ന പൗരന്മാരും കുട്ടികളും വീടുകളിലേക്ക് മടങ്ങാന്‍ അഭ്യര്‍ഥിച്ച് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കിടെ ആയിരുന്നു മന്ത്രി നേതാക്കളോടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
‘പ്രതിഷേധ സ്ഥലത്തെ മുതിര്‍ന്ന പൗരന്മാരോടും കുട്ടികളോടും വീടുകളിലേക്ക് പോകാന്‍ ദയവായി ആവശ്യപ്പെടണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു,’ മന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ കര്‍ഷക നേതാക്കള്‍ മന്ത്രിയുടെ അഭ്യര്‍ഥന അംഗീകരിച്ചില്ല. ഒരു വര്‍ഷം കഴിയാനുള്ള സാധനങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് കര്‍ഷക നേതാക്കള്‍ മന്ത്രിയെ അറിയിച്ചു. ‘കഴിഞ്ഞ കുറേ ദിവസങ്ങളായി ഞങ്ങള്‍ റോഡിലായിരുന്നു. ഞങ്ങള്‍ റോഡില്‍ തുടരണമെന്ന് തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല. ഞങ്ങള്‍ അഹിംസയുടെ പാത സ്വീകരിക്കില്ല. പ്രതിഷേധ സ്ഥലത്ത് ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഇന്റലിജന്‍സ് ബ്യൂറോ നിങ്ങളെ അറിയിക്കും’, കര്‍ഷകര്‍ വ്യക്തമാക്കി.
കൂടാതെ തങ്ങള്‍ക്ക് കോര്‍പ്പറേറ്റ് കൃഷി ആവശ്യമില്ലെന്നും പുതിയ നിയമത്തിലൂടെ കൃഷിക്കാരനല്ല മറിച്ച് സര്‍ക്കാരിന് മാത്രമേ നേട്ടമുണ്ടാകൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സര്‍ക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും ഇറങ്ങിപ്പോകുമെന്നും കര്‍ഷക പ്രതിനിധികള്‍ അറിയിച്ചു.
Read Also: സ്വാശ്രയ മെഡിക്കൽ ഫീസ്; മാനേജ്മെന്റുകൾക്ക് എതിരെ സർക്കാർ സുപ്രീം കോടതിയിൽ