തിരുവനന്തപുരം: ബത്തേരിക്ക് പിന്നാലെ പാലോടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മധ്യവയസ്‌കനെയാണ് കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ കണ്ടെത്തിയത്. വെൻകൊല്ല ഇലവുപാലം അടിപ്പറമ്പ് തടത്തരികത്ത് വീട്ടിൽ ബാബു (54) വിന്റെ മൃതദേഹമാണ് തിങ്കളാഴ്‌ച ആറുമണിയോടെ പരിസരവാസികൾ കണ്ടെത്തിയത്.
നാല് ദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് ആന ചവിട്ടിക്കൊന്ന നിലയിൽ മൃതദേഹം കണ്ടത്. കുളത്തൂപ്പുഴ വനംപരിധിയിൽപ്പെട്ട അടിപ്പറമ്പ് ശാസ്‌താംനട കാട്ടുപാതയ്‌ക്ക് സമീപം ബാബുവിന്റെ വസ്‌ത്രങ്ങളാണ് ആദ്യം കണ്ടത്. തുടർന്ന് നീർച്ചാലിന് സമീപത്തായി ബാബുവിന്റെ മൃതദേഹം കണ്ടെത്തി.
പ്രധാന പാതയിൽ നിന്ന് എട്ടുകിലോമീറ്ററിലധികം വനത്തിനുള്ളിലൂടെ സഞ്ചരിച്ചാലേ സ്‌ഥലത്ത് എത്താൻ കഴിയൂ. ബാബു മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണെന്ന് ഇന്ന് രാവിലെ സ്‌ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥരാണ് സ്‌ഥിരീകരിച്ചത്. ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കാട്ടുവഴിയിലൂടെ പോയ ബാബുവിനെ കാട്ടാന അക്രമിച്ചതാണെന്നാണ് റിപ്പോർട്. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വീട്ടിലെത്തിക്കും.
Most Read| ഡെൽഹിയിൽ വനിതാ മുഖ്യമന്ത്രി? ചർച്ചകൾ സജീവം; തീരുമാനം പ്രധാനമന്ത്രി എത്തിയശേഷം