എടക്കര: മൂത്തേടത്ത് ജനവാസ കേന്ദ്രത്തിലെത്തി ഭീതി പരത്തിയിരുന്ന കാട്ടാന കസേരക്കൊമ്പൻ ചരിഞ്ഞു. രണ്ട് മാസത്തോളമായി പ്രദേശത്ത് വിഹരിച്ച് നടന്ന് നാട്ടുകാരെ വിറപ്പിച്ച കാട്ടാനയാണ് അർധരാത്രിയിൽ കുഴിയിൽ വീണ് ചരിഞ്ഞത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്ന് വനംവകുപ്പ് പറയുന്നു.
പടുക്ക വനാതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ അകലെ കരപ്പുറം ചോളമുണ്ടയിൽ സ്വകാര്യ ഭൂമിയിലെ കുഴിയിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇഷ്ടിക നിർമിക്കുന്നതിന് മണ്ണെടുത്ത് നിറയെ കുഴികളുള്ള സ്ഥലമാണിത്. ഇതിൽ വാരിക്കുഴി പോലെയുള്ള ഒരു കുഴിയിലാണ് ആന വീണത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ആനയെ നാട്ടുകാർ കണ്ടത്. ഉടനെ വനപാലകരെ വിവരമറിയിച്ചു.
ആനയുടെ മുതുകിൽ മുറിവുണ്ടാക്കി വൃണമായ നിലയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആന അവശ നിലയിലായിരുന്നു. കുഴിയിൽ വീണത് കൊണ്ടുമാത്രമാണോ ആന ചരിഞ്ഞത് അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ആനയുടെ ജഡം ജെസിബി ഉപയോഗിച്ച് വനത്തിലേക്ക് നീക്കി.
രാത്രി കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ച ശേഷം പുലർച്ചെയോടെ ആന റോഡിലിറങ്ങി ജനത്തെ ഭയപ്പെടുത്തിയിരുന്നു. നീണ്ടു വളഞ്ഞ കൊമ്പുകൾ കസേര പോലെ തോന്നിക്കുന്നതിലാണ് നാട്ടുകാർ കസേരക്കൊമ്പൻ എന്ന് വിളിച്ചത്. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിൻമാറാത്ത കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ







































