മുംബൈ: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും പ്രഥമ വനിത ബ്രിജിത്ത് മാക്രോയും തിങ്കളാഴ്‌ച രാത്രി വൈകി മുംബൈയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ഫെബ്രുവരി 17 മുതൽ 19 വരെയാണ് മാക്രോൺ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്‌ട് സമ്മിറ്റിയിൽ പങ്കെടുക്കുന്നതിനും പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനുമായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇമ്മാനുവൽ മാക്രോയുടെ നാലാമത്തെ ഇന്ത്യൻ സന്ദർശനമാണിതെങ്കിലും മുംബൈയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പങ്കാളിത്തത്തിലെ പുരോഗതി അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം വിലയിരുത്തും. തന്ത്രപരമായ ബന്ധങ്ങൾ ദൃഢമാക്കുന്നതിനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനും ചർച്ചയിൽ ഊന്നൽ നൽകും. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്.
മാക്രോയുടെ ഇന്ത്യാ സന്ദശനത്തിന് മുന്നോടിയായി, വ്യോമസേനയ്‌ക്ക് 3.25 ലക്ഷം കോടി രൂപയുടെ 114 റഫാൽ പോർവിമാനങ്ങൾ വാങ്ങാൻ തീരുമാനമെടുത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ഇതിനുള്ള അംഗീകാരവും നൽകി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.
Most Read| ഇറാൻ-യുഎസ് ആണവക്കരാർ; ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന്





































