തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ- മോഹൻലാൽ ചിത്രം എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് ഇന്ന് തിയേറ്ററുകളിൽ എത്തില്ല. നിലവിൽ ഒരു തിയേറ്ററിലും സെൻസർ ചെയ്‌ത പുതിയ പതിപ്പ് എത്തിയിട്ടില്ലെന്നാണ് വിവരം. എഡിറ്റ് ചെയ്‌ത പതിപ്പ് ഇന്ന് രാത്രിയിലുള്ള ഷോ കഴിഞ്ഞു വേണം തിയേറ്ററുകളിൽ ഡൗൺലോഡ് ചെയ്‌ത് പ്രദർശനത്തിന് സജ്‌ജമാക്കേണ്ടത്.
എന്നാൽ മാത്രമേ നാളെ പുതിയ പതിപ്പ് പ്രദർശിപ്പിക്കാനാകൂവെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. നാളെ റീ എഡിറ്റിങ് പതിപ്പ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് ഫിയോക്ക് പ്രസിഡണ്ട് വിജയകുമാർ അറിയിച്ചു. തിയേറ്ററുകളിലെ ഡൗൺലോഡ് ബോക്‌സിലാണ് ഉള്ളടക്കം എത്തുന്നത്. ഇത് ഡൗൺലോഡ് ചെയ്യാൻ അരമണിക്കൂറോളം വേണ്ടിവരും. ഇന്റർനെറ്റിന്റെ വേഗത അനുസരിച്ചു ഈ സമയപരിധിയിൽ വ്യത്യാസം വരാം.
സംസ്‌ഥാനത്ത് മിക്ക തിയേറ്ററുകളിലും രാവിലെ തുടങ്ങുന്ന എമ്പുരാന്റെ പ്രദർശനം പുലർച്ചെ മൂന്നുമണിയോടെയാണ് അവസാനിക്കുന്നത്. നഗരങ്ങളിലെ പല തിയേറ്ററുകളിലും രാത്രി വൈകി 12 മണിക്കാണ് അവസാന ഷോ. പ്രദർശന സമയം കഴിഞ്ഞാണ് സിനിമകൾ ഡൗൺലോഡ് ചെയ്യുകയെന്ന് തിയേറ്റർ ഉടമകൾ പറയുന്നു.
എമ്പുരാന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ളതിനാലും രണ്ടു ഷോകൾക്കിടയിൽ കഷ്‌ടിച്ചു അരമണിക്കൂർ മാത്രമാണ് ഇടവേള എന്നതിനാലും പകൽ സമയത്ത് ഡൗൺലോഡിങ് നടക്കില്ല. ഷോ ടൈമിൽ ചിത്രം ഡൗൺലോഡ് ചെയ്‌താൽ അരമണിക്കൂർ എന്നത് അര മണിക്കൂറിന് മുകളിലേക്ക് പോയേക്കാമെന്നും തിയേറ്റർ ഉടമകൾ പറയുന്നു.
പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്‌ത് അപ്‌ലോഡ് ചെയ്‌താലും അത് സ്‌ക്രീൻ ചെയ്‌ത് എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തും. അതിനാൽ നാളെ വെളുപ്പിന് മൂന്നിനും രാവിലെ പത്തിനും ഇടയിലായിരിക്കും ഭൂരിപക്ഷം തിയേറ്ററുകളിലും ഡൗൺലോഡിങ്ങും പ്രിവ്യു പ്രദർശനവും നടക്കുക. സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി വിവാദമുണ്ടായതിനെ തുടർന്ന് ചില രംഗങ്ങളും പരാമർശങ്ങളും ഒഴിവാക്കി റീ എഡിറ്റ് ചെയ്‌ത പതിപ്പ് ഉടൻ തിയേറ്ററുകളിൽ എത്തിക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.
സിനിമയുടെ ആദ്യഭാഗത്ത് 20 മിനിറ്റോളം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡ് ഇടപെടൽ ഉണ്ടാവുകയും പിന്നീട് ചർച്ച ചെയ്‌ത് മൂന്ന് മിനിറ്റോളം വെട്ടിമാറ്റിയാൽ മതിയെന്ന തീരുമാനത്തിൽ എത്തുകയും ആയിരുന്നു. സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ ബജ്‌രംഗി എന്ന പേരിലും മാറ്റം വരുത്താൻ തീരുമാനമായി.
പേരുമാറ്റമോ പേര് പരാമർശിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയോ ചെയ്യുമെന്നാണ് വിവരം. സിനിമയിലെ കലാപ രംഗങ്ങളും ഗർഭിണിയായ യുവതിയെ ബലാൽസംഗം ചെയ്യുന്ന രംഗവും ഒഴിവാക്കും. നാല് ഭാഷകളിലായി നാലായിരം തിയേറ്ററുകളിലാണ് എമ്പുരാൻ നിലവിൽ പ്രദർശനം തുടരുന്നത്. വിവാദങ്ങൾക്കിടയിലും നിറഞ്ഞ സദസിലാണ് സിനിമയുടെ പ്രദർശനം.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ