എമ്പുരാന്റെ റീ എഡിറ്റ് ചെയ്‌ത പതിപ്പ് പ്രദർശനത്തിനെത്തി; ആകെ 38 മാറ്റം

സിനിമയുടെ ദൈർഘ്യം 2.08 മിനിറ്റ് കുറഞ്ഞെന്നും ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കില്ലെന്നും നിർമാതാക്കൾ പറഞ്ഞു.

By Senior Reporter, Malabar News
Empuraan
Ajwa Travels

തിരുവനന്തപുരം: വിവാദങ്ങൾ കത്തി നിൽക്കെ, എമ്പുരാൻ സിനിമയുടെ റീ എഡിറ്റ് ചെയ്‌ത പുതിയ പതിപ്പിന്റെ പ്രദർശനം ആരംഭിച്ചു. തിരുവനന്തപുരം ആർടെക് മാളിൽ 11.25നുള്ള ഷോയിൽ റീ എഡിറ്റ് ചെയ്‌ത പതിപ്പാണ് പ്രദർശിപ്പിച്ചത്. പുതിയ പതിപ്പ് എല്ലാ തിയേറ്ററുകളിലും ഇന്ന് ലോഡ് ചെയ്യും.

സിനിമയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമത്തിന്റെ സീനുകൾ മുറിച്ചുനീക്കി. പേര് ഉൾപ്പടെ 24 മാറ്റങ്ങളാണുള്ളത്. പേരിലെ മാറ്റം ചിത്രത്തിൽ 14 ഇടങ്ങളിലുണ്ട്. ഇത്തരത്തിൽ വിശദമായി കണക്കുകൂട്ടുമ്പോൾ മൊത്തം 38 ഇടങ്ങളിൽ മാറ്റമുണ്ട്. ദൃശ്യങ്ങളിൽ 13 വെട്ടും വർഗീയകലാപം കാണിക്കുന്ന ആദ്യ അര മണിക്കൂറിലാണ്.

ഇവിടെ കൃത്യം കാലഘട്ടം പരാമർശിക്കുന്നത് മാറ്റി ‘കുറച്ചു വർഷങ്ങൾക്ക് മുൻപ്’ എന്നാക്കി. കലാപ ഭാഗത്തെ ഒരു കൊലപാതക ദൃശ്യവും പ്രധാന വില്ലൻ ഉൾപ്പെട്ട രണ്ട് ദൃശ്യങ്ങളും ചില സംഭാഷണങ്ങളും മതചിഹ്‌നങ്ങളുടെ പശ്‌ചാത്തലമുള്ള സീനുകളും ഒഴിവാക്കി. ആദ്യ പകുതിയിൽ വില്ലനും മുഖ്യ സഹായിയും തമ്മിലുള്ള സംഭാഷണത്തിലെ 13 സെക്കൻഡും വെട്ടി.

സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റി. ‘ബാബ ബജ്‌രംഗി’ എന്ന ‘ബൽരാജ്’ എന്ന പേര് പരാമർശിക്കുന്ന ഇടങ്ങളിൽ ബൽദേവ് എന്നാണ് മാറ്റം വരുത്തിയത്. തുടക്കത്തിലെ നന്ദികാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്‌ഥന്റെയും പേര് ഒഴിവാക്കി. പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു.

ദേശീയപതാകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണം ഒഴിവാക്കി. കേന്ദ്ര ഏജൻസിയായ എൻഐഎയെക്കുറിച്ച് പറയുന്നിടത്ത് ശബ്‌ദം മ്യൂട്ട് ചെയ്‌തു. വാഹനത്തിൽ എൻഐഎയുടെ ബോർഡ് കാണിക്കുന്ന ദൃശ്യവും ഒഴിവാക്കി. സിനിമയുടെ ദൈർഘ്യം 2.08 മിനിറ്റ് കുറഞ്ഞെന്നും ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കില്ലെന്നും നിർമാതാക്കൾ പറഞ്ഞു.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE