തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ- മോഹൻലാൽ ചിത്രം എമ്പുരാനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം. സിനിമയിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങൾ ഉണ്ടെന്നും അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.
ഇതിനെതിരെ തമിഴ്‌നാട് കമ്പത്തെ ഗോകുലം ചിറ്റ്‌സ് ശാഖയ്‌ക്ക് മുന്നിൽ നാളെ ഉപരോധസമരം നടത്തുമെന്ന് അസോസിയേഷൻ കോ-ഓർഡിനേറ്റർ അൻവർ ബാലസിങ്കം അറിയിച്ചു. സിനിമയിൽ ചില രംഗങ്ങളിൽ മുല്ലപ്പെരിയാറിനെ അധിക്ഷേപിക്കുന്നുണ്ടെന്നും കരാർ പ്രകാരം തമിഴ്‌നാടിനുള്ള താൽപര്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള പരാമർശങ്ങൾ ചിത്രീകരിച്ചെന്നുമാണ് പെരിയാർ വൈഗ ഇറിഗേഷൻ കർഷക സംഘത്തിന്റെ വാദം.
അണക്കെട്ടുമായി ബന്ധപ്പെട്ട രംഗങ്ങൾ നീക്കം ചെയ്‌തില്ലെങ്കിൽ എല്ലാ ജില്ലയിലും പ്രതിഷേധിക്കാനാണ് സംഘടനയുടെ തീരുമാനം. എമ്പുരാൻ ബഹിഷ്‌കരിക്കാനും സംഘടന ആഹ്വാനം ചെയ്‌തു. ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ മികച്ച പ്രതികരണം നടത്തി മുന്നേറുകയാണ് എമ്പുരാൻ. അതേസമയം, സിനിമയ്‌ക്കെതിരെ പ്രതിഷേധം പടരുകയാണെങ്കിലും വിഷയത്തിൽ ഇതുവരെ സംവിധായകൻ പൃഥ്‌വിരാജ് സുകുമാരനും തിരക്കഥാകൃത്ത് മുരളി ഗോപിയും പരസ്യപ്രതികരണം നടത്തിയിട്ടില്ല.
വിവാദങ്ങളുയർന്ന സാഹചര്യത്തിൽ നടൻ മോഹൻലാൽ സാമൂഹിക മാദ്ധ്യമത്തിലൂടെ ഖേദപ്രകടനം നടത്തുകയും പൃഥ്‌വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും മോഹൻലാലിന്റെ പോസ്‌റ്റ് പങ്കുവെക്കുകയും ചെയ്‌തിരുന്നു. ഇതോടെ, മുരളി ഗോപിയുടെ മൗനം ഏറെ ചർച്ച ചെയ്യപ്പെട്ടു. വിവാദത്തെക്കുറിച്ച് മൗനം പാലിക്കുമെന്നും എല്ലാവർക്കും സിനിമയെ അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കാനുള്ള അവകാശമുണ്ടെന്നും അവർ പോരടിക്കട്ടെയെന്നുമാണ് രണ്ടുദിവസം മുൻപ് മുരളി ഗോപി വാർത്താ ഏജൻസിയോട് പ്രതികരിച്ചത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ