ന്യൂഡെൽഹി: കശ്‌മീരിലെ അവന്തിപുരിൽ ഏറ്റുമുട്ടൽ. സുരക്ഷാസേന രണ്ടുഭീകരരെ വധിച്ചു. പ്രദേശത്ത് രണ്ട് ഭീകരർ കൂടി ഉണ്ടെന്നാണ് വിവരമെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കശ്‌മീർ പോലീസ് അറിയിച്ചു. 48 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
അവന്തിപുരിലെ നാദേർ, ത്രാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ സൈന്യവും സിആർപിഎഫും ജമ്മു കശ്‌മീർ പോലീസും സംയുക്‌തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.
ഈമാസം 13ന് ജമ്മു കശ്‌മീരിലെ ഷോപിയാനിൽ മൂന്ന് ലഷ്‌കറെ ത്വയിബ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ദക്ഷിണ കശ്‌മീരിലെ ഷുക്‌രൂ കെല്ലെർ മേഖലയിൽ നടന്ന ‘ഓപ്പറേഷൻ കെല്ലെർ’ ദൗത്യത്തിൽ ലഷ്‌കർ കമാൻഡറും പല ഭീകരാക്രമണ കേസുകളിൽ പ്രതിയുമായ ഷാഹിദ് അഹമ്മദ് കുട്ടേ, അദ്‌നാൻ ഷാഹി ധർ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.
തിരച്ചിലിനെത്തിയ സൈന്യത്തിന് നേരെ ഭീകരർ വെടിവയ്‌ക്കുകയും തിരിച്ചടിയിൽ മൂവരും കൊല്ലപ്പെടുകയുമായിരുന്നു. ഷോപിയാനിലെ ചോതിപോര ഹീർപോര സ്വദേശിയായ ഷാഹിദ് 2023 മാർച്ചിലാണ് ലഷ്‌കറെ ത്വയിബയിൽ ചേർന്നത്. സൈന്യം തിരിച്ചറിഞ്ഞിരുന്ന ഏറ്റവും കുപ്രസിദ്ധരായ ഭീകരരിൽ ഒരാളാണ് ഷാഹിദ്. പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള ടിആർഎഫിന്റെ ഭാഗമായും ഇയാൾ പ്രവർത്തിച്ചിരുന്നതായി സംശയിക്കുന്നു.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’