മലയാളി സംവിധായകൻ സുധീഷ് ശങ്കർ സംവിധാനം ചെയ്‌ത ‘മാരീശൻ’ തിയേറ്ററിൽ വിജയത്തിലേക്ക് കുതിക്കുകയാണ്. 1988 മുതൽ സിനിമയിൽ സജീവമായ വടിവേലുവിന്റെ, 37 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ലസിനിമ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് മാരീശൻ.
സ്വാഭാവിക അഭിനയത്തിൽ ഫഹദിനൊപ്പം ചിലപ്പോൾ അതിനുമുകളിലേക്കും വടിവേലു പ്രവേശിച്ചിട്ടുണ്ട് മാരീശനിൽ. മോഷ്‌ടാവായി ഫഹദും മറവിരോഗിയായി വടിവേലുവും കട്ടക്ക്, മൽസരിച്ചഭിനയിച്ചിരിക്കുന്ന സിനിമയിൽ പക്ഷെ, പറഞ്ഞു പഴകിയ പലതും പുതിയ കുപ്പിയിൽ എത്തിക്കുന്നുണ്ട്. അതൊരു പോരായ്‌മയായി പ്രേക്ഷകന് തോന്നിയേക്കും.
യുവൻ ശങ്കർ രാജയുടെ സംഗീതം ഒരു രക്ഷയുമില്ല എന്നുതന്നെ പറയണം. 2014ൽ വില്ലാളിവീരൻ എന്നൊരു മലങ്കൾട്ട് മലയാള സിനിമ സംവിധാനം ചെയ്‌ത സംവിധായകൻ തന്നെയാണോ ഇതെന്ന് പലപ്പോഴും സംശയിച്ച് പോകുന്ന സംവിധാനമികവ് എടുത്തുപറയണം. ആദ്യപകുതി കുറച്ച് ലാഗ് ഫീൽ ചെയ്യുമെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത, അതിമനോഹരമായ സംവിധാന മികവ് സിനിമയിൽ ഉടനീളം ആസ്വദിക്കാൻ സാധിക്കും, പ്രത്യേകിച്ചും രണ്ടാംപകുതിയിൽ.
ചുരുക്കത്തിൽ, കുടുംബസമേതവും അല്ലാതെയും തിയേറ്ററിൽ കാണാവുന്ന സിനിമയാണ് മരീശൻ. ചെറിയ സ്‌ക്രീനിൽ ഈ സിനിമയുടെ അനുഭവം ആസ്വദിക്കാൻ വലിയ രീതിയിൽ സാധിക്കില്ല. അതുകൊണ്ടുതന്നെ, തിയ്യേറ്ററിൽ കാണേണ്ട സിനിമയാണ് മാരീശൻ.
നേരത്തെ മലയാളത്തിൽ ചെയ്‌ത ദിലീപ് ചിത്രം ‘വില്ലാളി വീരന്‍’ കൂടാതെ 2009ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ‘ആറുമനമേ’യും ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. വി. കൃഷ്‌ണമൂർത്തിയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98ആം ചിത്രമാണ് മാരീശന്‍. കലൈസെല്‍വന്‍ ശിവജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയുമാണ്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!