ന്യൂഡെൽഹി: അമേരിക്കയിലും ലോകത്താകെയും വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തി ജെഫ്രി എപ്സ്റ്റൈനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ടതായി റിപ്പോർട്.
എപ്സ്റ്റൈന്റെ സ്വാധീനവലയത്തിൽ ഉണ്ടായിരുന്ന കരുത്തരായ വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് പുറത്തുവിട്ടത്. ഇതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ടത് പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പേര് പരാമർശിക്കുന്ന ഇ-മെയിൽ സന്ദേശങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടുവെന്നും എന്നാൽ ഇത് തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രധാനമന്ത്രി 2017 ജൂലൈയിൽ ഇസ്രയേൽ സന്ദർശിച്ചിരുന്നു എന്നതൊഴിച്ചാൽ, ഫയലുകളിലെ മറ്റു സൂചനകൾ ഒരു കുറ്റവാളിയുടെ വെറും പാഴ്വാക്കുകൾ മാത്രമാണെന്നും അവ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വക്താവ് രൺധീർ സിങ് ജയ്സ്വാൾ അറിയിച്ചു.
ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. ഇതൊരു ‘ദേശീയ അപമാനമാണെന്ന്’ വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് പവൻ ഖേര, എപ്സ്റ്റൈന്റെ ഉപദേശം സ്വീകരിച്ച പ്രധാനമന്ത്രി ഇസ്രയേലിൽ വെച്ച് യുഎസ് പ്രസിഡണ്ടിന് ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിച്ചുവെന്നും ഇതിന് പിന്നാലെ ‘IT WORKED’ എന്ന് എപ്സ്റ്റൈൻ എഴുതിയതായും ആരോപിച്ചു.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഈ പുതിയ രേഖകളിൽ മൂന്ന് ദശലക്ഷത്തിലധികം പേജുകൾ 2000ലധികം വീഡിയോകൾ, 1.8 ലക്ഷം ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. മുൻപ് പുറത്തുവിടാതെ മാറ്റിവെച്ചിരുന്ന രേഖകളാണ് ഇപ്പോൾ വെബ്സൈറ്റിലൂടെ പരസ്യമാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ളാഞ്ചിന്റെ നേതൃത്വത്തിലാണ് ഈ വിപുലമായ വിവരശേഖരം പുറത്തുവിട്ടത്.
Most Read| കേന്ദ്ര ബജറ്റ് നാളെ; 29 ആവശ്യങ്ങൾ ഉന്നയിച്ച് കേരളം, പ്രതീക്ഷയോടെ ജനം








































