തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്‌ഞ ഈമാസം 21ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ 21ന് രാവിലെ പത്തിനും കോർപറേഷനിൽ 11.30നുമാണ് സത്യപ്രതിജ്‌ഞ. പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്‌ഞ ചെയ്യുക.
എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്‌ഞയെടുത്ത മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും. മേയർ, മുനിസിപ്പൽ ചെയർമാൻ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് 2.30നും നടക്കും.
ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം യോഗം ചേർന്ന് ക്വാറം ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്താം.
അതേസമയം, സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു. നവംബർ പത്തിന് നിലവിൽ വന്ന പെരുമാറ്റച്ചട്ടമാണ് ഇന്ന് പിൻവലിച്ചത്. എന്നാൽ, സ്‌ഥാനാർഥികൾ മരണപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പ് നടക്കാത്ത സ്‌ഥലങ്ങളിൽ, തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ മാതൃകാപെരുമാറ്റച്ചട്ടം നിലനിൽക്കും.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!





































