മൻമോഹൻ സിങ്ങിന് അന്ത്യാജ്‌ഞലി; സംസ്‌കാരം നാളെ, രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം

ഭൗതികശരീരം എഐസിസി ആസ്‌ഥാനത്ത് പൊതുദർശനത്തിന് വെക്കും. സമയക്രമത്തിൽ തീരുമാനം പിന്നീട് അറിയിക്കും.

By Senior Reporter, Malabar News
Ex Prime Minister Manmohan Singh

ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിന് രാജ്യത്തിന്റെ അന്ത്യാജ്‌ഞലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോൺഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കൾ ഡെൽഹിയിലേക്കെത്തി. പുലർച്ചയോടെ ഡെൽഹിയിലെത്തിയ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ വീട്ടിലെത്തി ആദരമർപ്പിച്ചു.

ഡെൽഹിയിലുള്ള സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു. വിദേശത്തുള്ള മകൾ മടങ്ങിയെത്തിയ ശേഷം നാളെയാണ് സംസ്‌കാരം നടക്കുക. ഭൗതികശരീരം എഐസിസി ആസ്‌ഥാനത്ത് പൊതുദർശനത്തിന് വെക്കും. സമയക്രമത്തിൽ തീരുമാനം പിന്നീട് അറിയിക്കും.

രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഒന്ന് രാവിലെ 11 മണിക്ക് പ്രത്യേക മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. രാത്രി എട്ടു മണിയോടു കൂടി വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന്‌ അദ്ദേഹത്തെ ഡെല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 9.51ഓടുകൂടി മരണം സ്‌ഥിരീകരിച്ചു.

ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിലും രാജ്യാന്തര ബന്ധങ്ങളുടെ വികസനത്തിലും ശക്‌തമായ സ്വാധീനം ചെലുത്തിയ ഡോ. മന്‍മോഹന്‍ സിങ്‌ രണ്ടു തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ചെങ്കിലും ഇന്ത്യയിലെ നവ ഉദാരവൽകരണ നയങ്ങളുടെ ക്യാപ്‌റ്റനായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്‌ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. 1991–96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായ മൻമോഹൻ സിംഗ്‌ പിന്നീട് 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായി.

തിരഞ്ഞെടുപ്പിൽ മൽസരിക്കാത്ത ഇദ്ദേഹം അസമിൽ രാജ്യസഭാംഗം എന്ന നിലയ്‌ക്കാണ്‌ ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്. രാജ്യസഭാംഗമായി ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.

”ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഏറ്റവും സമുന്നതനായ നേതാക്കളിലൊരാളായ മൻമോഹൻ സിങ്ങിന്റെ വേർപാടിൽ ഇന്ത്യൻ ദുഃഖിക്കുന്നു. എളിയ സ്‌ഥാനത്ത്‌ നിന്ന് ഉയർന്നുവന്ന അദ്ദേഹം ഏറെ ബഹുമാനിക്കപ്പെടുന്ന സാമ്പത്തിക വിദഗ്‌ധനായി മുന്നേറി.

ധനമന്ത്രി ഉൾപ്പടെ വിവിധ ഭരണ പദവികളിൽ അദ്ദേഹം സേവനമനുഷ്‌ഠിച്ചു. രാജ്യത്തിൻറെ സാമ്പത്തികനയത്തിൽ ശക്‌തമായ മുദ്ര പതിപ്പിച്ച വ്യക്‌തിയാണ് മൻമോഹൻ സിങ്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിത മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു”- മോദി എക്‌സിൽ കുറിച്ചു.

Related News| ഉദാരവൽകരണത്തിന്റെ ഉപജ്‌ഞാതാവ്‌, ഡോ. മന്‍മോഹന്‍ സിങ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE