തിരുവനന്തപുരം: എംആർ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല ട്രാക്‌ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു. അജിത് കുമാറിനെ ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
അജിത് കുമാറിന്റെ ട്രാക്‌ടർ യാത്ര വിവാദമായിരുന്നു. വിഷയത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട് സമർപ്പിക്കുകയും ചെയ്‌തിരുന്നു. അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്നായിരുന്നു റിപ്പോർട്. ജൂലൈ 12നാണ് ശബരിമലയിലേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പോലീസിന്റെ ട്രാക്‌ടറിൽ അജിത് കുമാർ ശബരിമലയിലേക്കും തിരിച്ചും യാത്ര ചെയ്‌തത്
സംഭവത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. എഡിജിപി ട്രാക്‌ടറിൽ യാത്ര ചെയ്‌തത് നിർഭാഗ്യകരമാണെന്ന് വ്യക്‌തമാക്കിയ കോടതി, അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ട്രാക്‌ടർ യാത്ര ഹൈക്കോടതിയുടെ വിധിക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.
2021ലാണ് ട്രാക്‌ടർ യാത്രയിൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്‌ടർ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റാരും അതിൽ ഉണ്ടാകാൻ പാടില്ലെന്നുമാണ് ഉത്തരവ്. എന്നാൽ, ഈ ഉത്തരവ് ലംഘിച്ചായിരുന്നു അജിത് കുമാറിന്റെ യാത്ര.
പോലീസിന്റെ ഉടമസ്‌ഥതയിലുള്ള ട്രാക്‌ടറിലാണ് അജിത് കുമാർ യാത്ര നടത്തിയത്. പോലീസ് ഉദ്യോഗസ്‌ഥനായിരുന്നു ഡ്രൈവർ. സംഭവത്തിൽ പമ്പ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സന്നിധാനത്ത് നവഗ്രഹ വിഗ്രഹ പ്രതിഷ്‌ഠ നടന്ന ദിവസമാണ് അജിത് കുമാർ ശബരിമലയിൽ എത്തിയത്.
Most Read| കൊനേരു ഹംപിയെ കീഴടക്കി, വനിതാ ചെസ് ലോക കിരീടം ദിവ്യ ദേശ്‌മുഖിന്