ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസ് അന്വേഷണം നടൻമാരിലേക്ക്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്‌ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ എക്‌സൈസ് നോട്ടീസയച്ചു. തിങ്കളാഴ്‌ചയോ അതിനടുത്ത ദിവസമോ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. മുഖ്യപ്രതി തസ്‌ലിമ സുൽത്താനയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇരുവർക്കും നോട്ടീസയച്ചത്.
ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരുമായി അടുപ്പമുണ്ടെന്ന് തസ്‌ലിമ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരുമായി വാട്‍സ് ആപ് ചാറ്റിലൂടെയും ഫോൺകോളിലൂടെയും സംസാരിക്കാറുണ്ടെന്ന് പ്രതി പറഞ്ഞു. ശ്രീനാഥ് ഭാഷയുമായി വാട്‍സ് ആപ് ചാറ്റിലൂടെയും ഷൈനുമായി ഫോണിലൂടെയുമാണ് സംസാരിക്കാറുള്ളത്.
ഇരുവരെയും കൂടാതെ സിനിമാ മേഖലയിലെ മറ്റുചിലരുമായും ബന്ധമുണ്ട്. ഇത് വ്യക്‌തമാക്കുന്ന ഫോൺരേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ഹെബ്രിഡ് കഞ്ചാവ് എത്തിച്ചിട്ട് നാലുമാസമായെന്നും വില ഒത്തുപോകാത്തതിനാൽ പല സ്‌ഥലത്തായി സൂക്ഷിച്ചു വെച്ചിരിക്കുകയാണെന്നും തസ്‌ലിമ ചോദ്യം ചെയ്യലിൽ പറഞ്ഞു.
ഇതിന്റെ അടിസ്‌ഥാനത്തിൽ ലഹരി- സെക്‌സ് റാക്കറ്റ് ഇടപാടുകളെ കുറിച്ചും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. പ്രതിയെ ഇന്ന് എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ഹൈബ്രിഡ് കഞ്ചാവ് എത്തിയത് തായ്‌ലൻഡിൽ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾ മറികടന്ന് കഞ്ചാവ് എങ്ങനെ ഇന്ത്യയിൽ എത്തിച്ചുവെന്നും വിദേശത്തേക്ക് നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഇന്റലിജൻസ് വിഭാഗം പരിശോധിക്കുന്നുണ്ട്.
രണ്ടുകോടിയോളം വിലവരുന്ന മൂന്ന് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുൽത്താന (ക്രിസ്‌റ്റീന-43), സഹായി കെ ഫിറോസ് (26) എന്നിവരെയാണ് ഓമനപ്പുഴ ബീച്ചിന് സമീപമുള്ള റിസോർട്ടിൽ നിന്ന് എക്‌സൈസ് പിടികൂടിയത്. ജില്ലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഇവർ ലഹരിവിൽപ്പന നടത്തുന്നതായി രണ്ടുമാസം മുമ്പാണ് എക്‌സൈസിന് വിവരം ലഭിച്ചത്.
ഇതോടെ ഇവർ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ചലച്ചിത്ര പ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും പുറമെ ചില പെൺവാണിഭ സംഘങ്ങൾക്കും ഇവർ ഹൈബ്രിഡ് കഞ്ചാവ് നൽകുന്നുണ്ടെന്നായിരുന്നു വിവരം. കൊച്ചിയും ആലപ്പുഴയും കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്ന് മനസിലാക്കിയ എക്‌സൈസ്, ഇവരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ശക്‌തമാക്കുകയായിരുന്നു.
ക്രിസ്‌റ്റീനയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ചലച്ചിത്ര താരങ്ങളുടെയും മറ്റും നമ്പറുകൾ കണ്ടത്. ഇവരുമായി പരിചയമുണ്ടെന്നും ഇതിൽ മൂന്നുപേർക്ക് കഞ്ചാവ് നൽകുന്നുണ്ടെന്നും യുവതി പറഞ്ഞു. സിനിമ തിരക്കഥാകൃത്ത് എന്ന പേരിലാണ് ക്രിസ്‌റ്റീന റിസോർട്ടുകളിൽ റൂമുകൾ ബുക്ക് ചെയ്യുന്നത്. കഞ്ചാവ് തായ്‌ലൻഡിൽ നിന്ന് ബെംഗളൂരു വഴി കേരളത്തിൽ എത്തിച്ചതാണെന്നാണ് പ്രതികളുടെ മൊഴി.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ