കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പ്രതികളായ ലഹരിക്കേസിൽ സംവിധായകൻ സമീർ താഹിർ അറസ്‌റ്റിൽ. മൂന്നുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സമീറിനെ അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ സമീറിനെ ജാമ്യത്തിൽ വിട്ടയച്ചു.
സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ഇവരുടെ ഒരു സുഹൃത്തും പിടിയിലായത്. എന്നാൽ, ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ലഹരി ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നു എന്നാണ് സമീറിന്റെ മൊഴി.
ഇവർ ഫ്‌ളാറ്റിൽ ഉണ്ടായിരുന്ന ദിവസം ഉച്ചയ്‌ക്കാണ് അവിടെ എത്തിയത്. അപ്പോൾ അഷ്‌റഫ് ഹംസ മാത്രമാണ് ഫ്‌ളാറ്റിൽ ഉണ്ടായിരുന്നത്. വൈകുന്നേരത്തോടെ താൻ അവിടെ നിന്നും പോയെന്നും സമീർ മൊഴി നൽകി.
ഗോശ്രീ പാലത്തിന് സമീപമുള്ള സമീറിന്റെ ഫ്‌ളാറ്റിൽ ലഹരി ഉപയോഗം പതിവായിരുന്നെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് സംവിധായകരിൽ നിന്നും പിടിച്ചെടുത്തത്. ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ എക്‌സൈസിന്റെ പിടിയിലായതെന്നാണ് വിവരം. പിന്നാലെ ഇവരെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
Most Read| കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ; പാക്കിസ്‌ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക്