കാസർഗോഡ്: ബദിയടുക്കയിൽ സ്ഥാനാർഥിയുടെ വീടിന് സമീപം സ്ഫോടനം. ജില്ലാ പഞ്ചായത്ത് ബദിയടുക്ക ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി കാദ്രോബല്ലിയിലെ പ്രകാശന്റെ വീടിന് സമീപത്തെ തോട്ടത്തിലാണ് ഇന്ന് രാവിലെ ഏഴുമണിയോടെ ഉഗ്രസ്ഫോടന ശബ്ദം കേട്ടത്.
സ്ഫോടനത്തിൽ വളർത്തുനായ ചത്തു. വിവരമറിഞ്ഞെത്തിയ പോലീസ് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പന്നിയെ കൊല്ലാൻ വെച്ച സ്ഫോടക വസ്തുവാണ് പൊട്ടിയതെന്ന് പോലീസ് പറഞ്ഞു. പോളിങ് ദിവസമായതിനാൽ സ്ഫോടനം രാഷ്ട്രീയ പ്രേരിതമാണോ എന്നതിൽ ആശങ്ക പ്രചരിച്ചിരുന്നു.
ശബ്ദം കേട്ട് ആളുകൾ സ്ഥലത്ത് ഓടിക്കൂടിയപ്പോഴാണ് പ്രകാശന്റെ വളർത്തുനായ ചത്തുകിടക്കുന്നത് കണ്ടത്. പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണ്. പന്നിയെ കൊല്ലാൻ വെച്ച സ്ഫോടക വസ്തു നായ കടിച്ചെടുത്ത് കൊണ്ടുവന്നതാണെന്നാണ് കരുതുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്ട്രേലിയയിൽ





































