തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടി പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. നൂബിൻ, ബിനു, ചാർലി, അശ്വന്ത്, വിഷ്‌ണു എന്നിവരെയാണ് പ്രതിചേർത്തത്. രാഹുലുമായി അടുത്ത ബന്ധമുള്ള പത്തനംതിട്ട, അടൂർ മേഖലയിൽ ഉള്ളവരാണ് പ്രതികൾ.
ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് റെയ്‌ഡ് നടത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന കേസിൽ ഏഴുപേരെ പ്രതി ചേർത്താണ് അന്വേഷണം നടക്കുന്നത്. ഇതിനിടെയാണ് അഞ്ചുപേരെ കൂടി പ്രതി ചേർത്തിരിക്കുന്നത്.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കാനായി വാട്‌സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചുവെന്നും ചിലരുടെ ഫോണുകളിൽ നിന്ന് ഫൊറൻസിക് പരിശോധനയിലൂടെ ഇതിന്റെ വിവരങ്ങൾ ശേഖരിച്ചുവെന്നും ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കുന്നു. വ്യാജ കാർഡ് നിർമിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളാണ് ഗ്രൂപ്പിൽ ചാറ്റ് ചെയ്‌തിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്‌ഥർ പറയുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അഞ്ചുപേരെ കൂടി പ്രതിചേർത്ത് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്.
Most Read| സിപി രാധാകൃഷ്‌ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്‌ട്രപതി