ന്യൂഡൽഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പേരിൽ വ്യാജപദ്ധതി അവതരിപ്പിച്ച് ആളുകളിൽ നിന്നും പണം കവർന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വ്യാജ വെബ്സൈറ്റ് വഴി പി എം എസ് വൈ (പ്രധാനമന്ത്രി ശിശു വികാസ് യോജന) എന്ന പേരിൽ നടത്തിയ തട്ടിപ്പിൽ നിരവധി പേർ ഇരയായതായി ഡൽഹി പോലീസ് പറയുന്നു. മറ്റ് വെബ്സൈറ്റുകളിലൂടെ പദ്ധതിയുടെ പരസ്യവും വ്യാജ വെബ്സൈറ്റ് ലിങ്കും നൽകിയാണ് ഇവർ ആളുകളെ ആകർഷിച്ചിരുന്നത്.
നാഷണൽ ഹെൽത്ത് അതോറിറ്റി ഡയറക്ടറുടെ പരാതിയിലാണ് ഡൽഹി സൈബർ ക്രൈം യൂണിറ്റ് കേസെടുത്തത്. www.pmsy-cloud.in എന്ന വെബ്സൈറ്റ് മുഖേന പ്രധാനമന്ത്രി ശിശു വികാസ് യോജന എന്ന വ്യാജപദ്ധതി പ്രചരിപ്പിക്കുകയും ആളുകളിൽ നിന്നും രജിസ്ട്രേഷൻ ഫീസിന്റെ പേരിൽ പണം വാങ്ങുന്നു എന്നുമായിരുന്നു പരാതി. കുട്ടികൾക്കുള്ള സർക്കാർ ഇൻഷുറൻസ് പദ്ധതി എന്ന പേരിലായതിനാൽ നിരവധി രക്ഷിതാക്കളാണ് ചതിയിൽ അകപ്പെട്ടത്. 15,000 ലധികം പേരാണ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത്. പഞ്ചായത്തുകളിലെ ഏജന്റുമാർ മുഖേനയായിരുന്നു രജിസ്ട്രേഷൻ എന്ന് ഡൽഹി പോലീസ് പറയുന്നു.
മൂന്ന് പേരാണ് സംഭവത്തിൽ അറസ്റ്റിലായത്, നീരജ് പാണ്ഡെ (28), ആദർശ് യാദവ് (32) എന്നിവരും ബിഹാറിലെ പാറ്റ്ന സ്വദേശിയായ യുവാവുമാണ് അറസ്റ്റിലായത്.
വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കൈമാറി കൂടുതൽ പണമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. 7 മൊബൈൽ ഫോണുകൾ, 3 ലാപ്ടോപ്പുകൾ, നോട്പാഡുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു.




































