തിരുവനന്തപുരം: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ എംസി കമറുദ്ദീൻ എംഎൽഎയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കമറുദ്ദീൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഇടപെട്ട ബിസിനസ് തകർന്നതാണെന്നും ചെന്നിത്തല പറഞ്ഞു. നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കമറുദ്ദീനെതിരായ കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് തീരുമാനമെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. മയക്കുമരുന്ന് കച്ചവടത്തിനും അഴിമതിക്കും സിപിഎം അനുമതി നൽകിയിരിക്കുകയാണ്. ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച അന്വേഷണം വികസനത്തെ അട്ടിമറിക്കുന്നതെങ്ങനെയെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ ചോദിച്ചു.
അറസ്‌റ്റിലൂടെ സർക്കാർ സ്വന്തം തെറ്റ് മറച്ചുവക്കാൻ തന്നെ ബലിയാടാക്കിയെന്ന് കമറുദ്ദീൻ എംഎൽഎയും ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്‌ട്രീയ പ്രേരിതമായ നീക്കമാണ് നടക്കുന്നത്. തിങ്കളാഴ്‌ച കേസ് ഹൈക്കോടതിയിൽ വരുന്നുണ്ട്. എന്നാൽ അതിനുപോലും സർക്കാർ കാത്തുനിന്നില്ല. അറസ്‌റ്റിന് മുമ്പ് നോട്ടീസ് നൽകിയില്ല. തന്നെ തകർക്കാൻ കഴിയില്ലെന്നും എംഎൽഎ പ്രതികരിച്ചു.
അതേ സമയം കമറുദ്ദീൻ വിഷയത്തിൽ മുസ്‌ലിം ലീഗിന്റെ അടിയന്തര യോഗം പുരോഗമിക്കുകയാണ്. കമറുദ്ദീന്റെ എംഎൽഎ സ്‌ഥാനം രാജി വെച്ച് പ്രതിരോധിക്കണമെന്നാണ് ഒരു വിഭാഗം ശക്‌തമായി ആവശ്യപ്പെടുന്നത്. എന്നാൽ കമറുദ്ദീൻ രാജി വെച്ചാൽ ആരോപണ വിധേയരായ കെഎം ഷാജിയുടെയും ഇബ്രാഹിം കുഞ്ഞിന്റെയും രാജിയാവശ്യവും ഉയരുമെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം.