വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ജില്ലാ കളക്‌ടർ റിപ്പോർട് തേടി. വിഷയം അന്വേഷിച്ച് റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കളക്‌ടർ നിർദ്ദേശം നൽകി. കേസിൽ പോലീസിന് വീഴ്‌ച പറ്റിയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും പരാതി പരിശോധിച്ച് വരികയാണെന്നും കളക്‌ടർ പറഞ്ഞു. നേരത്തെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും എസ്‌പിയോട് റിപ്പോർട് തേടിയിരുന്നു.
മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ഈ മാസം നാലിനാണ് ദീപുവിനെ (22) കാർ മോഷ്‌ടിച്ചെന്ന് ആരോപിച്ച് സുൽത്താൻ ബത്തേരി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ബത്തേരി ടൗണിൽ നിർത്തിയിട്ട കാർ മോഷ്‌ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ദീപു അറസ്‌റ്റിലായതെന്ന് പോലീസ് പറയുന്നു. കൂടാതെ, അപ്പാട്ടെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ദീപുവിന്റെ വിരലടയാളം കണ്ടെത്തിയിട്ടുണ്ടെന്നും മോഷണത്തിന് ശേഷം ദീപു ബാഗുമായി പോകുന്നത് കണ്ട സാക്ഷികൾ ഉണ്ടെന്നും പോലീസ് പറയുന്നു.
എന്നാൽ, കൂലിവേലകൾ ചെയ്യുന്ന ദീപുവിന് സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലെന്നും യുവാവിനെതിരെ പോലീസ് മനഃപൂർവം കേസ് കെട്ടിച്ചമച്ചതാണെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. കൂടാതെ, പോലീസ് കസ്‌റ്റഡിയിൽ യുവാവിന് ക്രൂരമായി മർദ്ദനമേറ്റതായി ദീപുവിനെ സന്ദർശിച്ച ബന്ധുക്കൾ പറഞ്ഞു. ദീപുവിനെ പോലീസ് മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആദിവാസി സംഘടനകളും യുവജന പ്രസ്‌ഥാനങ്ങളും അടുത്ത ദിവസങ്ങളിൽ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
Most Read: ജലനിരപ്പ് 141.05 അടി; മുല്ലപ്പെരിയാറിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി







































