പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അതിഥി തൊഴിലാളി ഛത്തീസ്‌ഗഡ് ബിലാസ്‌പുർ സ്വദേശി രാം നാരായണന്റെ കുടുംബം കേരളത്തിലെത്തി. എസ്‌സി, എസ്‌ടി നിയമപ്രകാരം കേസെടുക്കണമെന്നും 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
നഷ്‌ടപരിഹാരം ലഭ്യമാകുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. അതുവരെ കുടുംബം കേരളത്തിൽ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ഡിസംബർ 18നാണ് രാം നാരായണനെ മോഷ്‌ടാവെന്ന് ആരോപിച്ച് ഒരുസംഘം അതിക്രൂരമായി മർദ്ദിച്ചത്. എന്നാൽ, ഇയാളുടെ കൈയിൽ മോഷണവസ്‌തുക്കൾ ഒന്നുമില്ലായിരുന്നു.
നാട്ടുകാരുടെ മർദ്ദനമേറ്റ രാം നാരായൺ ഭയ്യാർ ചോരതുപ്പി നിലത്തുവീണു. ആശുപത്രിയിൽ എത്തിച്ച രാമനാരായൺ പിറ്റേന്ന് രാത്രിയോടെയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ ഈ കേസ് അന്വേഷിച്ചു വരുന്നത്.
മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള പീഡനമാണ് രാം നാരായണന് നേരെയുണ്ടായതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. മർദ്ദനമേൽക്കാത്തതായി ശരീരത്തിൽ ഒരു ഭാഗവുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ചെവിട്ടേറ്റ് വാരിയെല്ലുകൾ പൊട്ടി. തലയിൽ സാരമായ പരിക്കും ശരീരത്തിൽ ചവിട്ട്, കുത്ത് എന്നിവയുടെ പാടുകളുമുണ്ട്. ആന്തരിക രക്‌തസ്രാവമാണ് മരണകാരണം.
15ഓളം പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് പോലീസ് ആദ്യഘട്ടത്തിൽ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി. പ്രസാദ് (34), സി. മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ.ബിബിൻ (30), അനന്തൻ (55), അട്ടപ്പള്ളം കല്ലങ്കാട് എ. അനു (38) എന്നിവരാണ് അറസ്‌റ്റിലായത്. ഇവർ റിമാൻഡിലാണ്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്





































