ന്യൂഡെൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി പഞ്ചാബിൽ നിന്നും രാജ്യ തലസ്ഥാനത്തേക്ക് കർഷകരുടെ പ്രകടനം ആരംഭിച്ചു. സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിന് കർഷകരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. ഭാരതീയ കിസാൻ യൂണിയന്റെ (ഉഗ്രാഹ വിഭാഗം) നേതൃത്വത്തിൽ പഞ്ചാബ് – ഹരിയാന അതിർത്തിയിലെ ഖനൗറിയിൽ നിന്ന് ഇന്നലെ ഉച്ചക്കാണു കർഷകർ പുറപ്പെട്ടത്.
സംഘടനാ നേതാവ് ജൊഗീന്ദർ സിങ് ഉഗ്രാഹയുടെ നേതൃത്വത്തിലാണ് സ്ത്രീകളടക്കമുള്ള കർഷകരുടെ പ്രകടനം. ഇവർ ഡെൽഹി-ഹരിയാന അതിർത്തിയിലെ പ്രക്ഷോഭ കേന്ദ്രമായ തിക്രിയിലേക്കാണ് നീങ്ങുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രകടനം മാറ്റിവെക്കണമെന്നു ഹരിയാന സർക്കാർ അഭ്യർഥിച്ചെങ്കിലും കർഷകർ ഇക്കാര്യം അംഗീകരിച്ചില്ല.
നിലവിൽ കോവിഡ് വ്യാപനം നേരിടാൻ തിക്രി, സിംഘു എന്നിവിടങ്ങളിലെ പ്രക്ഷോഭകേന്ദ്രങ്ങളിൽ വാക്സിനേഷൻ ക്യാംപുകൾ ആരംഭിച്ചു. കൂടാതെ മേയ് 10ആം തീയതി സിംഘുവിൽ കർഷക സംഘടനകളുടെ ദേശീയ സമ്മേളനം സംഘടിപ്പിക്കുമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ ഓർഡിനേറ്റർ കെവി ബിജു അറിയിച്ചു.
Read also : പ്രായം വെറും അക്കം; 104കാരി അന്നം വാക്സിൻ സ്വീകരിച്ച് മാതൃകയായി








































