വയനാട്: ജില്ലയിൽ ആവശ്യക്കാരില്ലാതെ ഇഞ്ചിയും, നേന്ത്രവാഴക്കുലയും. നിലവിൽ കർഷകരുടെ പ്രധാന വരുമാന മാർഗമാണ് ഈ രണ്ട് വിളകളും. എന്നാൽ ഇവക്ക് ആവശ്യക്കാരില്ലാതെയും വിലയില്ലാതെയും കർഷകർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഓണം സീസൺ പ്രമാണിച്ച് മികച്ച വില ലഭിക്കുമെന്ന് പ്രതീക്ഷിച്ച നേന്ത്രവാഴക്കുലകൾക്ക് ഇത്തവണ 20 മുതൽ 22 രൂപ വരെയാണ് ലഭിച്ചത്. ഓണം കഴിഞ്ഞതോടെ ഇത് 15 മുതൽ 17 രൂപ വരെയായി കുറഞ്ഞു.
ശശാരി 30 രൂപയെങ്കിലും ലഭിച്ചാൽ മാത്രമാണ് വാഴക്കൃഷി ചെയ്യുന്ന കർഷകർക്ക് ഇതിൽ നിന്നും ചെറിയ രീതിയിൽ എങ്കിലും പ്രയോജനം ലഭിക്കുകയുള്ളൂ. വാഴകൃഷിക്ക് ഒപ്പം തന്നെ ഇഞ്ചിക്കൃഷി നടത്തിയ കർഷകരും നിലവിൽ പ്രതിസന്ധി നേരിടുകയാണ്. കിലോയ്ക്ക് 25 രൂപയാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഇഞ്ചിയുടെ വിപണിവില. എന്നാൽ ഓണം പ്രമാണിച്ച് ആവശ്യക്കാർ ഏറുന്നതോടെ വില ഉയരുമെന്ന് പ്രതീക്ഷിച്ച് ഇഞ്ചി വാങ്ങിയ കച്ചവടക്കാരും നിലവിൽ വെട്ടിലായിരിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകാത്തതും ചുക്ക് സീസൺ ആരംഭിക്കാത്തതുമാണ് ഇഞ്ചിക്കു വിലയും ഡിമാൻഡും കുറയാൻ ഇടയാക്കിയതെന്ന് കച്ചവടക്കാർ വ്യക്തമാക്കുന്നുണ്ട്. കൂടാതെ മറ്റിടങ്ങളിൽ നിന്നു മാർക്കറ്റുകളിലേക്ക് വൻ തോതിൽ ഇഞ്ചി എത്തിയതോടെ ഡിമാൻഡ് വലിയ തോതിൽ കുറഞ്ഞ അവസ്ഥയുമാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ വിപണികളുടെ പ്രവര്‍ത്തനം പൂര്ണതോതിലാകാത്തതും പ്രതിസന്ധിയായി. അതേസമയം കൃഷിച്ചെലവ് ഓരോ വർഷവും വർധിക്കുകയാണ്. 6 ലക്ഷം രൂപ വരെയാണ് ഒരേക്കറിൽ ഇഞ്ചിക്കൃഷി ചെയ്യാൻ ചിലവാകുന്നത്.
Read also: രോഗവ്യാപനം ഉയരുന്നു; കേരളത്തിന് വീണ്ടും മുന്നറിയിപ്പ് നൽകി കേന്ദ്രം







































