പാലക്കാട്: ജില്ലയിലെ നെൻമേനി ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാർ. നെൻമേനി കൊങ്ങൻചാത്തി കണ്ണൻകോളുമ്പ് മേഖലയിലാണ് ഇന്നലെ പുലിയിറങ്ങിയത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ പ്രദേശത്തെ കേശവന്റെ മരുമകൾ സുചിത്ര തുണി അലക്കുന്നതിനിടെയാണ് വീടിന്റെ പുറകിലായി പുലി ഓടിമറയുന്നത് കണ്ടത്. ഈ മാസം പന്ത്രണ്ടാം തീയതിയും പ്രദേശത്ത് പുലിയെ കണ്ടിരുന്നു.
പ്രദേശത്ത് നാട്ടുകാർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വനഭൂമിയിൽ നിന്ന് മാറി ജനവാസ കേന്ദ്രങ്ങളിലാണ് ഇപ്പോൾ ജനങ്ങളുടെ ജീവന് ഭീഷണിയായി പുലി ഇറങ്ങുന്നതെന്നും, പകൽ സമയങ്ങളിലും പുലി ഇറങ്ങുന്നതോടെ പ്രദേശ വാസികൾ ഏറെ ഭീതിയിലാണെന്നും പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷൻ ആർ ശിവൻ പറഞ്ഞു.
പുലിയെ കണ്ടതിനെ തുടർന്ന് നെൻമേനി കൊങ്ങൻചാത്തി, കണ്ണൻകൊളുമ്പ്, കമ്പൻകോട്, ലക്ഷംവീട് കോളനി എന്നിവിടങ്ങളിൽ ഉള്ളവർക്ക് വനം വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. വനം വകുപ്പിന്റെ നിരീക്ഷണവും പ്രദേശങ്ങളിൽ ഉണ്ടായിരുന്നു. ഒന്നര മാസം മുൻപ് ചെകോൽ ഭാഗത്തും പുലിയിറങ്ങിയിരുന്നു. ഇതേത്തുടർന്ന് പറമ്പിക്കുളം കടുവാ സങ്കേതത്തിൽ നിന്ന് ക്യാമറകൾ എത്തിച്ച് സ്‌ഥാപിച്ചിരുന്നെങ്കിലും കാര്യമായ നേട്ടം ഉണ്ടായില്ല.
ജനവാസ മേഖലകളിൽ തുടർച്ചയായി പുലിയെ കാണുന്ന സാഹചര്യത്തിൽ അവയെ കൂടു വെച്ച് പിടികൂടാൻ വനം വകുപ്പ് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Also: നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാൻ ഉത്തരവിട്ട് കോടതി