തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച നടത്തിയ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. ഇന്നലെ രാത്രി മുഴുവൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം നടന്നത്. മോഷ്‌ടാവ് അങ്കമാലിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യം ഉൾപ്പടെ പോലീസിന് ഇന്നലെ രാത്രി ലഭിച്ചിരുന്നു.
ഇതോടെ, ഇയാളുടെ യാത്ര കൊച്ചിയിലേക്കാണെന്ന് മനസിലാക്കിയ അന്വേഷണ സംഘം ആലുവ, എറണാകുളം നഗരപരിധിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാനായിട്ടില്ലെന്നും തൃശൂർ റൂറൽ എസ്‌പി ബി ബാലകൃഷ്‌ണകുമാർ പറഞ്ഞു.
മോഷ്‌ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് മലയാളി അല്ലാതാകണമെന്നില്ലെന്നും ഏതാണ്ട് 15 ലക്ഷം രൂപയാണ് നഷ്‌ടപ്പെട്ടതെന്നും മധ്യമേഖലാ ഡിഐജി ഹരിശങ്കർ പറഞ്ഞു. എടിഎമ്മിൽ നിന്ന് എടുത്തുവെച്ച പണമാണ് നഷ്‌ടമായത്. കൂടുതൽ പണം ഉണ്ടായിട്ടും അത് എടുത്തില്ലെന്നത് പ്രത്യേകതയാണ്. ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്ന് പറയാനാകില്ലെന്നും, എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ടെന്നും ഡിഐജി അറിയിച്ചു.
മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. ഇന്നലെ ഉച്ചയോടെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു കവർച്ച. ബൈക്കിലെത്തിയ മോഷ്‌ടാവ് കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടറിന്റെ ഗ്ളാസ് തല്ലിത്തകർത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് ജീവനക്കാർ പറയുന്നത്. തുടർന്ന് കൈയിൽ കിട്ടിയ കറൻസികൾ എടുത്ത ശേഷം ഇയാൾ സ്‌കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
മോഷണത്തിന് ശേഷം ഇയാൾ പ്രദേശത്തെ ഒരു പെട്രോൾ പമ്പിൽ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ബാങ്കിൽ നടന്നത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചുള്ള മോഷണമാകാമെന്ന നിഗമനത്തിലാണ് പോലീസ്. മോഷണത്തിന് മുൻപും ഇയാൾ ബാങ്ക് സന്ദർശിച്ചിട്ടുണ്ടാകുമെന്നും പോലീസ് കരുതുന്നു.
നമ്പർ പ്ളേറ്റ് മറച്ച സ്‌കൂട്ടറിൽ ഹെൽമറ്റ്, ജാക്കറ്റ്, ഗ്‌ളൗസ് എന്നിവ ധരിച്ചാണ് മോഷ്‌ടാവ് എത്തിയത്. തന്റെ മുഖവും വിരലടയാളവും ഉൾപ്പടെയുള്ളവ എവിടെയും പതിയരുതെന്ന ഉദ്ദേശ്യത്തോടെയാണിത്. സെക്യൂരിറ്റി ഇല്ലെന്നും ചുറ്റുപാടുമുള്ള മറ്റു സ്‌ഥാപനങ്ങളിലൊന്നും സിസിടിവി ക്യാമറകൾ സ്‌ഥാപിച്ചിട്ടില്ലെന്നും മോഷ്‌ടാവ് മനസിലാക്കിയിരിക്കാമെന്നും പോലീസ് കരുതുന്നു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ