തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറിൽ നിന്ന് ഇയാൾ കവർന്നത്. ഉച്ചയോടെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു കവർച്ച.
ബൈക്കിലെത്തിയ മോഷ്‌ടാവ് കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടറിന്റെ ഗ്ളാസ് തല്ലിത്തകർത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് ജീവനക്കാർ പറയുന്നത്. തുടർന്ന് കൈയിൽ കിട്ടിയ കറൻസികൾ എടുത്ത ശേഷം ഇയാൾ സ്‌കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തിരക്കേറിയ ജങ്ഷനിൽ പട്ടാപ്പകലായിരുന്നു കവർച്ച.
ചാലക്കുടി പോലീസ് സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. ബാങ്കിൽ ഈ സമയം എട്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്. പ്രതി എത്തിയത് ചാലക്കുടി ഭാഗത്ത് നിന്നാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണം കഴിഞ്ഞ ശേഷവും ഇയാൾ സ്‌കൂട്ടർ സ്‌റ്റാർട്ടാക്കി പോയതും ചാലക്കുടി ഭാഗത്തേക്കാണെന്നും വ്യക്‌തമായി. എന്നാൽ, പ്രധാനപ്പെട്ട സിസിടിവി ദൃശ്യങ്ങളിലൊന്നും പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.
മോഷണത്തിന് ശേഷം ഇയാൾ പ്രദേശത്തെ ഒരു പെട്രോൾ പമ്പിൽ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ബാങ്കിൽ നടന്നത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചുള്ള മോഷണമാകാമെന്ന നിഗമനത്തിലാണ് പോലീസ്. മോഷണത്തിന് മുൻപും ഇയാൾ ബാങ്ക് സന്ദർശിച്ചിട്ടുണ്ടാകുമെന്നും പോലീസ് കരുതുന്നു.
നമ്പർ പ്ളേറ്റ് മറച്ച സ്‌കൂട്ടറിൽ ഹെൽമറ്റ്, ജാക്കറ്റ്, ഗ്‌ളൗസ് എന്നിവ ധരിച്ചാണ് മോഷ്‌ടാവ് എത്തിയത്. തന്റെ മുഖവും വിരലടയാളവും ഉൾപ്പടെയുള്ളവ എവിടെയും പതിയരുതെന്ന ഉദ്ദേശ്യത്തോടെയാണിത്. സെക്യൂരിറ്റി ഇല്ലെന്നും ചുറ്റുപാടുമുള്ള മറ്റു സ്‌ഥാപനങ്ങളിലൊന്നും സിസിടിവി ക്യാമറകൾ സ്‌ഥാപിച്ചിട്ടില്ലെന്നും മോഷ്‌ടാവ് മനസിലാക്കിയിരിക്കാമെന്നും പോലീസ് കരുതുന്നു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ