നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; കൊഴുപ്പിക്കാൻ മുന്നണികൾ, പിവി അൻവർ പങ്കെടുക്കില്ല

നിലമ്പൂർ മേഖലയിലെ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ പുറമെ ഏഴ് ഡിവൈഎസ്‌പിമാർ, 21 ഇൻസ്‌പെക്‌ടർമാർ ഉൾപ്പടെ മൊത്തം 773 പോലീസുകാരെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്.

By Senior Reporter, Malabar News
Nilambur By Election 2025
Ajwa Travels

മലപ്പുറം: പരസ്യപ്രചാരണത്തിന് അവസാനം കുറിച്ചുകൊണ്ട് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം. നിലമ്പൂർ ടൗൺ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാനപ്പെട്ട സ്‌ഥലങ്ങൾ മുന്നണികൾക്കായി പോലീസ് വേർതിരിച്ച് നൽകിക്കഴിഞ്ഞു. വൈകീട്ട് ആറുമണിയോടെയാണ് കൊട്ടിക്കലാശം സമാപിക്കുക.

നിലമ്പൂർ മേഖലയിലെ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ പുറമെ ഏഴ് ഡിവൈഎസ്‌പിമാർ, 21 ഇൻസ്‌പെക്‌ടർമാർ ഉൾപ്പടെ മൊത്തം 773 പോലീസുകാരെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. കനത്ത മഴയിലും ആവേശം ഒട്ടും കുറയാതെയാണ് മുന്നണികൾ പ്രചാരണത്തിന്റെ കലാശക്കൊട്ടിലേക്ക് അടുക്കുന്നത്.

മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുമ്പോൾ സ്വതന്ത്ര സ്‌ഥാനാർഥിയായ പിവി അൻവർ കൊട്ടിക്കലാശത്തിന് ഉണ്ടായേക്കില്ല. സമയം അമൂല്യമായതിനാൽ കലാശക്കൊട്ടിന്റെ സമയം കൂടി വീടുകൾ കയറി പ്രചാരണം നടത്താനാണ് അൻവറിന്റെ പദ്ധതി. പൊതുജനങ്ങളുടെ യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് കലാശക്കൊട്ട് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും അൻവർ അറിയിച്ചു.

രണ്ടാഴ്‌ചയിലേറെ നീണ്ടുനിന്ന ഹൈ വോൾട്ടേജ് പ്രചാരണം കടുത്ത മൽസരമെന്ന പ്രതീതി ഉയർത്തിയാണ് കൊടിയിറങ്ങുന്നത്. പ്രചാരണ കാലയളവിലുടനീളം മഴയുണ്ടായിരുന്നെങ്കിലും വോട്ടെടുപ്പ് ദിനമായ 19ന് ഗ്രീൻ അലർട് പ്രഖ്യാപിച്ചത് പാർട്ടികൾക്ക് ആശ്വാസമായിട്ടുണ്ട്. മഴ പോളിങ് ശതമാനത്തെ ബാധിക്കുമോയെന്ന ആശങ്ക എല്ലാ സ്‌ഥാനാർഥികൾക്കും ഉണ്ടായിരുന്നു. 23ന് വോട്ടെണ്ണുന്നതോടെ നിലമ്പൂരിന്റെ മനസിലിരിപ്പ് എന്താണെന്ന് വെളിപ്പെടും.

കോൺഗ്രസിനും സിപിഎമ്മിനും വിജയം നിർണായകമായ തിരഞ്ഞെടുപ്പിൽ സർവ പ്രചാരണ ആയുധങ്ങളും പുറത്തെടുത്താണ് മുന്നണികളുടെ മുന്നേറ്റം. യുഡിഎഫ്- ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയർത്തിയാണ് എൽഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കിൽ സർക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം.

ബിജെപി സ്‌ഥാനാർഥി മോഹൻ ജോർജും സ്വതന്ത്രനായി മൽസരിക്കുന്ന പിവി അൻവറും പ്രചാരണ രംഗത്ത് സജീവമാണ്. ക്രൈസ്‌തവ വോട്ടുകൾ കൂടി ഉന്നമിട്ട് വോട്ട് വർധന ലക്ഷ്യംവെച്ചാണ് ബിജെപിയുടെ പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചിറങ്ങിയ പിവി അൻവർ സോഷ്യൽ മീഡിയ അടക്കം ആയുധമാക്കിയാണ് പ്രചാരണ രംഗത്ത് സജീവമായത്.

Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE