തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശപ്രകാരം കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തിയ ചർച്ച പരാജയം. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാൻ കേന്ദ്രം തയ്യാറായില്ലെന്ന് ചീഫ് സെക്രട്ടറി വി വേണു അറിയിച്ചു.
13,608 കോടി രൂപ മാത്രമേ അനുവദിക്കൂ എന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് ഉടൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. 15000 കോടി രൂപ കൂടി കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ നിർദ്ദേശത്തിൽ ഉടൻ ചർച്ച നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. കോടതിയിൽ കേസ് നിലനിൽക്കുന്നുവെന്നത് മനസിൽ വെക്കാതെ, ഉന്നത ഉദ്യോഗസ്ഥർ അടക്കം പങ്കെടുക്കുന്ന തുറന്ന ചർച്ചക്കാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്.
കേരളത്തിന് 13,608 കോടി രൂപ കൂടി വായ്പ എടുക്കാനുള്ള അനുമതി നൽകാമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രം സമ്മതമറിയിച്ചിരുന്നു. ഇക്കാ ര്യം അംഗീകരിച്ചുകൂടേയെന്ന് കേരളത്തോട് കോടതി ആരാഞ്ഞു. ഇത് സ്വീകരിക്കാമെന്ന് വ്യക്തമാക്കിയ കേരളം, 15000 കോടി രൂപ കൂടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനിടെ, കേരളം നൽകിയ ഹരജി പിൻവലിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഉപാധിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
കേസുമായി സുപ്രീം കോടതിയെ സമീപിക്കാൻ കേരള സർക്കാരിന് അധികാരമുണ്ടെന്നും സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് കെവി വിശ്വനാഥൻ വ്യക്തമാക്കി. ഈ വിഷയത്തിൽ കേരളം നൽകിയ ഹരജി പിൻവലിക്കേണ്ടതില്ലെന്നും കോടതി അറിയിച്ചു. ഹരജി പിൻവലിച്ച ശേഷം വിഷയം ചർച്ച ചെയ്യാമെന്നായിരുന്നു കേന്ദ്രം നേരത്തെ മുന്നോട്ട് വെച്ച നിർദ്ദേശം. ഇത് കോടതി അംഗീകരിച്ചില്ല. 26,000 കോടി രൂപ കടമെടുക്കാൻ അടിയന്തിരമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്.
Most Read| കുടിവെള്ളക്ഷാമം രൂക്ഷം; ബെംഗളൂരുവിൽ കർശന നിരോധനം- തെറ്റിച്ചാൽ പിടി വീഴും