സംവിധായകന് ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തിലുള്ള ‘ഫസ്റ്റ് ക്ളാപ്പ്’ നിർമിച്ച ആദ്യ സിനിമക്ക് ഷിംല രാജ്യാന്തര ചലച്ചിത്രമേളയിൽ പുരസ്കാരം. പ്രകൃതി സംരക്ഷണവും ആഗോള താപനവും പ്രമേയമാക്കിയ ‘പുള്ള്’ എന്ന മലയാള സിനിമയാണ് മേളയിലെ മികച്ച ഇന്ത്യന്‍ സിനിമയായി തിരഞ്ഞെടുത്തത്.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മിക്കവരും പുതുമുഖങ്ങളാണ്. 32 രാജ്യങ്ങളില്‍ നിന്നായി 136 ചിത്രങ്ങളായിരുന്നു മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിൽ നിന്നാണ് മികച്ച ഇന്ത്യന്‍ സിനിമയായി പുള്ളിനെ തിരഞ്ഞെടുത്തത്. മനുഷ്യർ പ്രകൃതിക്കുമേല്‍ നടത്തുന്ന ചൂഷണങ്ങളും പ്രകൃതിയുടെ തിരിച്ചടികളുമാണ് ചിത്രത്തിന്റെ പ്രമേയം. വടക്കന്‍ കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ പാശ്ചാത്തലത്തിലാണ് കഥ വികസിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യവും അഭിരുചിയുമുള്ള പുതുമുഖങ്ങളെ കണ്ടെത്തി അവതരിപ്പിക്കാനായി രൂപവൽകരിച്ച സംഘടനയാണ് ‘ഫസ്റ്റ് ക്ളാപ്പ്’. മുതിർന്ന സംവിധായകൻ ഷാജൂൺ കാര്യാലിന്റെ നേതൃത്വത്തിൽ 400 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ഇതിലൂടെ പരിശീലനം നേടിയ നവാഗതരാണ് ക്യാമറക്ക് മുന്നിലും പിന്നിലും അണിനിരന്ന മിക്കവരും. പ്രശസ്ത ബിൽഡിംഗ് ഡിസൈനർ സജീന്ദ്രൻ കൊമ്മേരിയാണ് ഫസ്റ്റ് ക്ളാപ്പിന്റെ ജനറൽ സെക്രട്ടറി. ജസ്റ്റിൻ ജെ തച്ചിൽ പ്രസിഡണ്ടും വിനീഷ് നമ്പ്യാർ ട്രഷററുമാണ്
റിയാസ് റാസ്, പ്രവീൺ കേളിക്കോടൻ എന്നിവർ ചേർന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മാതൃഭൂമിയുടെ സബ് എഡിറ്ററും കഥാകൃത്തുമായ ഷബിതയാണ് കഥ രചിച്ചത്. ഷബിതക്കൊപ്പം വിധു ശങ്കര്‍, വിജീഷ് ഉണ്ണി, ശാന്തകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. അജി വാവച്ചനാണ് ഛായാഗ്രഹണം. സജിത്ത് ടിസി അസോസിയേറ്റ് കാമറമാനായും അസിസ്റ്റന്റ് കാമറമാനായി ആഷിഷ് ജോര്‍ജും പ്രവർത്തിച്ചു.
എഴുത്തുകാരനും സംവിധായകനും നടനുമായ ജോയ് മാത്യു രചന നിർവഹിച്ച ‘സങ്കടൽ’ എന്ന നാടകത്തിലൂടെ അഭിനയരംഗത്ത് വന്ന റെയ്ന മരിയയാണ് ചിത്രത്തിൽ മുഖ്യവേഷം ചെയ്തിരിക്കുന്നത്. സന്തോഷ് സരസ്, ഹാഷിം കോർമത്ത്, ആനന്ദ് ബാൽ, ലത, ധനിൽ, ജയപ്രകാശ് കൂളൂർ, തിറയാട്ട കലാകാരനും എത്നിക് ആർട്സ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപകനും പ്രസിഡണ്ടുമായ ഡോ. മൂർക്കനാട് പീതാംബരൻ തുടങ്ങി വലുതും ചെറുതുമായ 75ഓളം പേരാണ് ‘പുള്ള്’ൽ അഭിനേതാക്കളായത്.

“ഫസ്റ്റ് ക്ളാപ്പിന്റെ മുഖ്യസംഘാടകനും പരിശീലകനുമായ സംവിധായകൻ ഷാജൂൺ കാര്യാൽ കഴിഞ്ഞ 5 വർഷത്തോളം നടത്തിയ നിരന്തര ഇടപെടലിലാണ് ചലച്ചിത്രലോകത്തേക്ക് പുതിയ ഒരു നിരയെ സംഭാവന ചെയ്യാൻ സാധിക്കുന്നത്. പുള്ള് എന്ന സിനിമയും അദ്ദേഹം ഉണ്ടായത് കൊണ്ട് മാത്രം സംഭവിച്ചതാണ്. ഞങ്ങളെന്നും ആ പ്രതിഭയോട് കടപ്പെട്ടിരിക്കും“; ജനറൽ സെക്രട്ടറി സജീന്ദ്രൻ കൊമ്മേരി പറഞ്ഞു. പുള്ളിന്റെ ഒഫിഷ്യല്‍ ട്രെയ്ലര് ഇവിടെ കാണാം: പുള്ള്
പിന്നണിയിലെ ചിലർ
ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രമോദ് കൃഷ്ണനും അസോസിയേറ്റ് ഡയറക്ടർ ജിനിത് അലക്സ് ജോർഡിയുമാണ്. സംവിധാന സഹായികളായി ഷാജി മുകുന്ദ്, അരുൺ ദക്ഷ്, ലാലു ടികെ, രാഗേഷ് കൊമ്മേരി, സുധിൽ ലാൽ, സന്തോഷ് ജയിംസ്, അമിത് സിആർ, അനിൽ ബോസ്, സജിത്ത് കണ്ണൻ എന്നിവരും എഡിറ്റിംഗ് നിർവഹിച്ചത് സുമേഷ് ബി’ഡബ്ള്യുടിയുമാണ്.
രേണുക ലാൽ, ജിതീഷ് ശിവദാസ്, നന്ദിനി രാജീവ്, ശ്രീജിത്ത് രാജേന്ദ്രൻ എന്നിവരുടെ വരികൾക്ക് വേണ്ടി പാടിയത് പ്രയാൺ പവിത്രൻ, രസിക രാജൻ, പ്രേമി രാംദാസ്, സുമ സ്റ്റാലിൻ, പ്രിയ ബിനോയ്, ലിജേഷ് ഗോപാൽ എന്നിവരാണ്. ചീഫ് മേക്കപ്പ് പ്രബീഷ് കോഴിക്കോടും സഹായികളായി വിനായകൻ കൈവേലിയും സുധീഷ് പിസിയും ജോലി നിർവഹിച്ചു.

അഭിനേതാക്കൾ: റെയ്ന മരിയ, ആനന്ദ് ബാൽ, ലത, പീതാംബരൻ
സംഗീത സംവിധാനം രാജേഷ് ബാബുവും ഷിംജിത് ശിവവും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. നിർമാണ നിയന്ത്രണം ദീപക് ജയപ്രകാശും ആർട് ഡയറക്ടറായി ജയലാൽ മാങ്ങാടും പ്രവർത്തിച്ചു. വസ്ത്രാലങ്കാരം രശ്മി ഷാജൂൺ നിർവഹിച്ചു. മുനവർ ഫൈറോസ്, ജിത്തു ജിതിൻ, ഹരീഷ് ലാൽ അഷ്ടപതി എന്നിവർ വസ്ത്രാലങ്കാര സഹായികളായി.

അഭിനേതാക്കൾ: ജയപ്രകാശ് കൂളൂർ, ധനിൽ, സന്തോഷ് സരസ്, ഹാഷിം കോർമത്ത്
ജയലാൽ മാങ്ങാട് ആർട് ഡയറക്ടറായും അസോസിയേറ്റ് ആർട് ഡയറക്ടറായി ശിവ കല്ലിഗോട്ടയും സഹായികളായി കിരുൺ സി ഭാഷി, ടി അനിൽകുമാർ, ശിവനാഥൻ അലിയോട്ട്, അരുൺ പ്രേമൻ, അതുൽബാബു എന്നിവരും പ്രവർത്തിച്ചു. നിർമാണ നിയന്ത്രണം ദീപക് ജയപ്രകാശും പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി വിനീഷ് നമ്പ്യാരും പ്രൊഡക്ഷൻ മാനേജർമാരായി ദീപ് ചന്ദ്, ഉണ്ണി വരദം, റെജുൽ പി രാജ് എന്നിവരും ജോലി ചെയ്തു. സ്റ്റിൽ കാമറ പ്രയാൺ പവിത്രനാണ് നിർവഹിച്ചത്.
Most Read: ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍