ന്യൂഡെൽഹി: പുതിയ ലക്ഷ്യത്തോടെ മുന്നോട്ടുപോകുമെന്നും, മൂന്നാം തവണ മൂന്നിരട്ടി കൂടുതൽ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ വ്യക്തമാക്കി. പാർലമെന്റിൽ പ്രതിപക്ഷം മാന്യത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ സാമാജികരെ ലോക്സഭയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
പുതിയ ലക്ഷ്യത്തോടെ മുന്നോട്ട് പോകാനാവട്ടെയെന്ന് എല്ലാവരെയും ആശംസിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷം നമ്മുടെ സ്വന്തം പാർലമെന്റ് മന്ദിരത്തിൽ ആദ്യമായാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രദിനമാണിത്.
60 വർഷത്തിന് ശേഷമാണ് തുടർച്ചയായി ഒരു സർക്കാർ മൂന്നാമതും അധികാരത്തിലെത്തുന്നത്. രാജ്യത്തെ എല്ലാവരുടെയും പിന്തുണ വേണം. എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണ് ലക്ഷ്യം. ഭരണഘടനാ മൂല്യങ്ങൾ പിന്തുടരും. എൻഡിഎ സർക്കാരിന്റെ നയങ്ങളിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യക്ക് ഉത്തരവാദിത്തമുള്ള പ്രതിപക്ഷത്തെയാണ് വേണ്ടതെന്നും മുദ്രാവാക്യമല്ല, പ്രവർത്തിയാണ് ജനത്തിന് ആവശ്യമെന്നും പ്രതിപക്ഷത്തെ വിമർശിച്ച് മോദി പറഞ്ഞു. കലഹങ്ങളല്ല, പാർലമെന്റിൽ ചർച്ചകൾ നടക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, സ്പീക്കർ തിരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാർ സമവായത്തിന് നീക്കം നടത്തുന്നുണ്ട്. പ്രതിപക്ഷ കക്ഷികളുമായി ഭരണകക്ഷി അംഗങ്ങൾ ചർച്ച നടത്തിയേക്കും.
സ്പീക്കർ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാർ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുന്നതായി സൂചനയുണ്ട്. ഡെപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്ക് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിന് പദവി നൽകാതെ ഡിഎംകെയ്ക്ക് നൽകുക വഴി പ്രതിപക്ഷ നീക്കങ്ങൾക്ക് വിള്ളലുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
കക്ഷി നിലയിൽ പ്രതിപക്ഷ നിരയിൽ 101 അംഗങ്ങളുമായി കോൺഗ്രസാണ് ഒന്നാമത്. പ്രതിപക്ഷ കക്ഷികളിൽ എസ്പിക്കും തൃണമൂൽ കോൺഗ്രസിനും പിന്നിലാണ് ഡിഎംകെയുടെ കക്ഷിനില. ഡിഎംകെയ്ക്ക് 22 അംഗങ്ങളാണ് ലോക്സഭയിൽ ഉള്ളത്. അതേസമയം, പാർലമെന്റിനുള്ളിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.
Most Read| നീറ്റ് പരീക്ഷാ ക്രമക്കേട്; ഇഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി