ജറുസലേം: ഇസ്രയേൽ ആക്രമണത്തിൽ ഗാസ സിറ്റിയിൽ 5 മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ അൽഷിഫ ആശുപത്രിയുടെ മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ആശുപത്രിക്ക് സമീപത്തായി ഇവർ കെട്ടിയ താൽക്കാലിക ടെന്റിന് നേരെയാണ് ആക്രമണം ഉണ്ടായത്.
റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മൊയേമൻ അലിവ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അൽജസീറ അറിയിച്ചു. ഇവരെ കൂടാതെ രണ്ട് ഗാസ നിവാസികളും കൊല്ലപ്പെട്ടു. അതേസമയം, അൽ ഷെരീഫിനെ കൊലപ്പെടുത്തിയ കാര്യം ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹമാസ് ഭീകരവാദിയാണ് അൽ ഷെരീഫ് എന്ന ആരോപണവും ഉന്നയിച്ചാണ് ഇസ്രയേൽ സൈന്യം രംഗത്തുവന്നത്. ഷെരീഫ് ഹമാസിന്റെ ഭാഗമായി പ്രവർത്തിച്ചുവെന്നും ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ ഭാഗമായെന്നും സൈന്യം പറഞ്ഞു. ഗാസയിലെ ഇസ്രയേൽ സൈന്യത്തിന്റെ നടുക്കുന്ന വിവരങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച പ്രമുഖ മാദ്ധ്യമപ്രവർത്തകനാണ് അൽ ഷെരീഫ്.
കൊല്ലപ്പെടുന്നതിന് മിനിട്ടുകൾക്ക് മുൻപ് അദ്ദേഹം ഗാസ സിറ്റിയിലെ ഇസ്രയേൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. 28-കാരനായ അൽ ഷെരീഫിനെ ഹമാസിന്റെ ഭാഗമെന്ന് ആരോപിച്ച് ജൂലൈയിൽ ഇസ്രയേൽ സൈനിക വക്താവ് വീഡിയോ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തെ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്.
അതിനിടെ, ജോലി പൂർത്തിയാക്കുകയും ഹമാസിന്റെ പരാജയം ഉറപ്പാക്കുകയും അല്ലാതെ ഇസ്രയേലിന് മറ്റ് മാർഗമില്ലെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചിരുന്നു. ജറുസലേമിൽ വിദേശ മാദ്ധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗാസ പിടിച്ചെടുക്കുകയല്ല ലക്ഷ്യമെന്നും ഗാസയെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!