കൊച്ചി: കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്നുള്ള സ്‌റ്റീൽ മൊത്തവിതരണ കമ്പനിയിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരും ഇവരെ സഹായിച്ചുവെന്ന് കരുതുന്ന മൂന്ന് പേരുമാണ് പിടിയിലായത്.
മുഖംമൂടി ധരിച്ചെത്തി കവർച്ച നടത്തിയ നാലുപേരെ പിടികൂടാനായിട്ടില്ല. അതേസമയം, സംഭവത്തിൽ നോട്ടിരട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് സിറ്റി പോലീസ് കമീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഇന്നലെ വൈകീട്ട് 3.45ഓടെയായിരുന്നു വൻ കവർച്ച നടന്നത്. പിന്നാലെ സ്‌റ്റീൽ കമ്പനി ഉടമ തോപ്പുംപടി സ്വദേഹസി സുബിൻ തോമസ് മരട് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇന്നലെ തന്നെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത വടുതല സ്വദേശി സജി, നോട്ടിരട്ടിപ്പ് ഇടപാടിനായി എത്തിയതെന്ന് കരുതുന്ന വിഷ്‌ണു എന്നിവരാണ് ഇതുവരെ അറസ്‌റ്റിലായത്. കവർച്ചാ സംഘം സഞ്ചരിച്ച രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒരു വാഹനം തൃശൂരിൽ നിന്നാണ് പിടിച്ചത്. അതുകൊണ്ടുതന്നെ പ്രതികൾ ജില്ല വിട്ടിരിക്കാനാണ് സൂചന.
81 ലക്ഷം രൂപ കൊടുത്താൽ 1.10 കോടിയായി കിട്ടുന്ന ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന പേരിൽ തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നോട്ടിരട്ടിപ്പാണ് സംഭവത്തിന് തുടക്കമെന്നാണ് പോലീസ് നൽകുന്ന വിവരം. രണ്ടാഴ്‌ച മുൻപ് ഇക്കാര്യവുമായി സജി കടയുടമ സുബിനെ സമീപിച്ചിരുന്നു എന്നും തുടർന്ന് എറണാകുളം സ്വദേശികളും നോട്ടിരട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടവരുമായ വിഷ്‌ണു, ജോജി എന്നിവരെ പരിചയപ്പെടുത്തുക ആയിരുന്നുവെന്നാണ് വിവരം.
മുഖംമൂടിയിട്ട് നാലംഗ കവർച്ചാ സംഘം കമ്പനിയിൽ എത്തുമ്പോൾ സജിയും വിഷ്‌ണുവും ജോജിയും സ്‌ഥലത്ത് ഉണ്ടായിരുന്നു. പണം എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു ഇവർ എന്നാണ് അറിയുന്നത്. കവർച്ചാ സംഘം എത്തിയതോടെ വിഷ്‌ണുവും ജോയിയും സ്‌ഥലത്ത് നിന്ന് മുങ്ങി. സജിയെ സുബിനും കടയിലെ ജീവനക്കാരും കൂടി പിടിച്ചുവച്ചു പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
Most Read| ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര; പ്രഖ്യാപിച്ച് മന്ത്രി







































