ദോഹ: സ്വർണ വ്യാപാരിയായ യെമൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മലയാളികളായ നാല് പേർക്ക് വധശിക്ഷ വിധിച്ച് ഖത്തർ. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശികളായ ഒന്നാം പ്രതി കെ അഷ്‌ഫീർ (30), രണ്ടാം പ്രതി അനീസ് (33), മൂന്നാം പ്രതി റാഷിദ് കുനിയിൽ (33), നാലാം പ്രതി ടി ഷമ്മാസ് (28) എന്നിവർക്കാണ് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്.
ഇവരടക്കം 27 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. കേസിൽ ഉൾപ്പെട്ട ഏതാനും പേരെ നിരപരാധികളെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടു. നാല് പ്രതികളുടെ വധശിക്ഷക്ക് പുറമെ മറ്റ് പ്രതികളിൽ ചിലർക്ക് അഞ്ച് വർഷം തടവ് ശിക്ഷയും മറ്റ് ചിലർക്ക് ആറ് മാസം തടവ് ശിക്ഷയുമാണ് വിധിച്ചത്.
കൊലപാതക വിവരം മറച്ചുവെക്കൽ, മോഷണ മുതൽ കൈവശം വെക്കൽ, നാട്ടിലേക്ക് പണം അയക്കാൻ ഐഡി കാർഡ് നൽകി സഹായിക്കൽ എന്നീ കുറ്റങ്ങൾ 12 പേർക്കെതിരെ ചുമത്തി. ബുധനാഴ്‌ചയാണ് വിധി പ്രസ്‌താവിച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
2019ലാണ് കൊലപാതകം നടന്നത്. ദോഹയിൽ വിവിധയിടങ്ങളിൽ സ്വർണക്കട നടത്തിയിരുന്ന യെമൻ സ്വദേശി സലാഹൽ കാസിമിനെ (28) പ്രതികൾ തട്ടിക്കൊണ്ടു പോകുകയും പണവും ആഭരണങ്ങളും അപഹരിച്ച ശേഷം കൊലപ്പെടുത്തുകയും ആയിരുന്നു. കൊലപാതകത്തിന് ശേഷം പണം വിവിധ മാർഗങ്ങളിലൂടെ പ്രതികൾ നാട്ടിലേക്ക് അയക്കുകയും ചെയ്‌തിരുന്നു. മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുർറയിലെ ഫ്ളാറ്റിലാണ് കൊലപാതകം നടന്നത്.
Also Read: വിമാനത്താവളത്തിൽ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഖത്തർ