കണ്ണൂർ: ജില്ലയിൽ ഇൻകം ടാക്‌സ് ഓഫീസർ ചമഞ്ഞ് വൻ തട്ടിപ്പ്. കണ്ണൂർ നഗരത്തിലെ ജ്വല്ലറിയിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തട്ടിപ്പുകാരൻ സംസ്‌ഥാനം വിട്ടു എന്ന് സംശയമുള്ള സാഹചര്യത്തിൽ കർണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് പ്രതി ജ്വല്ലറിയിൽ നിന്ന് ഇൻകം ടാക്‌സ് ഓഫീസർ എന്ന വ്യാജേന സ്വർണം തട്ടിയത്. ഇൻകം ടാക്‌സ് ഓഫീസർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ കടയിൽ നിന്ന് ആഭരണം വാങ്ങിയ ശേഷം ഓൺലൈനായി പണം ട്രാൻസ്‌ഫർ ചെയ്‌തു എന്ന് കടയുടമയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ശേഷം പണം ട്രാൻസ്‌ഫർ ചെയ്‌തതിന്റെ വ്യാജ സന്ദേശവും ഇയാൾ ജ്വല്ലറി ഉടമയെ കാണിച്ചു.
2,24,400 രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തെന്നാണ് ഇയാൾ പറഞ്ഞത്. പിന്നീട് കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായ കടയുടമ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. മാലയും മോതിരവും ഉൾപ്പടെ 41.710 ഗ്രാം സ്വർണാഭരണമാണ് വ്യാജൻ കവർന്നതെന്ന് പരാതിയിൽ പറയുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോദിച്ചു.
കണ്ണൂർ നഗരത്തിലെ ബാങ്ക് റോഡിന് സമീപമുള്ള ജ്വല്ലറിയിലെ തട്ടിപ്പിന് സമാനമായ രീതിയിൽ കാസർഗോഡും ഇയാൾ തട്ടിപ്പിന് ശ്രമിച്ചിരുന്നെന്ന് പോലീസ് പറയുന്നു. എന്നാൽ കടയുടമ ഓൺലൈൻ പണമിടപാടിന് വിസമ്മതിച്ചതോടെ വ്യാജ ഇൻകം ടാക്‌സ് ഓഫീസർ സ്‌ഥലം വിടുകയായിരുന്നു. ഹിന്ദിയിലും ഇംഗ്ളീഷിലും സംസാരിക്കുന്ന ഇയാൾ കർണാടക സ്വദേശിയാണെന്ന് പോലീസ് സംശയിക്കുന്നു. തട്ടിപ്പിന്റെ തലേദിവസം ഇയാൾ കണ്ണൂരിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ കണ്ണൂർ ടൗൺ എസ്ഐ സിഐ പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
Also Read: നീതി ലഭിക്കും, കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും; വാളയാർ പെൺകുട്ടികളുടെ അമ്മക്ക് സർക്കാരിന്റെ കത്ത്







































