കോഴിക്കോട്: ഫ്രഷ് കട്ട് സമരസമിതി ചെയർമാന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ കസ്‌റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് നേതാവിനെ വിട്ടയച്ചു. ഇന്നലെ കസ്‌റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹാഫിസ് റഹ്‌മാനെയാണ് പോലീസ് വിട്ടയച്ചത്.
സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ എവിടെയാണെന്ന് കണ്ടെത്താനാണ് ഹാഫിസിനെ കസ്‌റ്റഡിയിൽ എടുത്തത്. ബാബുവിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് കസ്‌റ്റഡിയിലെടുത്ത ഹാഫിസിനെ ഇന്ന് പുലർച്ചയോടെയാണ് വിട്ടയച്ചത്.
സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ 11ആം വാർഡിലെ സ്‌ഥാനാർഥിയാണ്. ഫ്രഷ് കട്ട് സമരത്തിൽ ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഒക്‌ടോബർ 21ന് ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം അക്രമത്തിൽ കലാശിച്ചിരുന്നു.
സമരക്കാർ പ്ളാന്റിന് തീവെക്കുകയും മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്‌തു. കല്ലേറിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു. പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്ളാന്റിനെതിരെ പ്രദേശത്ത് നേരത്തെയും പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘർഷത്തിലെത്തുന്നത്.
സംഘർഷത്തിൽ 321 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ളോക്ക് പ്രസിഡണ്ടും പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാംപ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും







































