ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജിത് ശ്രീനിവാസന്റെ മൃതദേഹം ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് സ്വദേശമായ ആലപ്പുഴ വലിയഴീക്കലിൽ നടക്കും. വിലാപയാത്രയെ ചൊല്ലി ആലപ്പുഴ മെഡിക്കൽ കോളേജിൽ പോലീസും ബിജെപി നേതാക്കളുമായി വാക്കേറ്റമുണ്ടായി. ബിജെപിയുടെ എതിർപ്പിനെ തുടർന്ന് ഇന്നത്തെ സമാധാനയോഗം മാറ്റിവെച്ചു.
പോസ്റ്റുമോർട്ടത്തിന് ശേഷം പത്തരയോടെയാണ് മൃതദേഹം കൈമാറിയത്. ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലായിരുന്നു ആദ്യ പൊതുദർശനം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം വെള്ളക്കിണറിലെ കൊലപാതകം നടന്ന വീട്ടിലേക്ക് എത്തിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
ആക്രമണ സാധ്യതയുള്ളതിനാൽ വിലാപയാത്രയുടെ വഴി മാറ്റണമെന്ന് പോലീസ് അറിയിച്ചു. പറ്റില്ലെന്ന് ബിജെപി നേതാക്കൾ നിലപാട് എടുത്തതോടെയാണ് വാക്കേറ്റമുണ്ടായത്. പോലീസ് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. എസ്ഡിപിഐക്ക് ഒപ്പമാണ് സർക്കാരെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. പോസ്റ്റുമോർട്ടം മനപ്പൂർവം വൈകിച്ചു എന്ന് ആരോപിച്ച് ഇന്നലെയും പ്രതിഷേധം ഉയർന്നിരുന്നു.
Also Read: എസ്ഡിപിഐ നേതാവിന്റെ കൊലപാതകം; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി







































