കോഴിക്കോട്: കൊടുവള്ളിയിൽ ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് (21) ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
കെഎൽ 65 എൽ 8306 നമ്പർ കാറിലാണ് ആയുധങ്ങളുമായി ഒരു സംഘം വീട്ടിലെത്തിയത്. ഈ നമ്പറിലുള്ള കാറിൽ യുവാവുമായി പോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ അടിസ്‌ഥാനമാക്കി കൊടുവള്ളി പോലീസ് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ ശക്‌തമാക്കി.
തട്ടിക്കൊണ്ടുപോയ അനൂസ് റോഷന്റെ സഹോദരൻ അജ്‌മൽ റോഷൻ വിദേശത്താണ്. ഇയാളുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അനൂസിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. അനൂസിന്റെ ഉമ്മ ജമീലയാണ് ഇത് വെളിപ്പെടുത്തിയത്.
രണ്ടു വാഹനങ്ങളിലായാണ് സംഘം വീട്ടിൽ വന്നതെന്നും അനൂസിന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് അവർ ശ്രമിച്ചതെന്നും ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് അനൂസിനെ സംഘം പിടിച്ചുകൊണ്ടുപോയതെന്നും ജമീല പറഞ്ഞു. മൂന്നുപേർക്ക് അനൂസിന്റെ സഹോദരൻ അജ്‌മൽ ലക്ഷങ്ങൾ നൽകാനുണ്ടെന്നാണ് വിവരം. ഇതിൽ ഒരാൾക്ക് മാത്രം 35 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും വിവരമുണ്ട്.
Most Read| നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി