നെതർലാൻഡ്‌സ്: പലസ്‌തീനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഏറെ ചർച്ചയായ ഒന്നാണ് ഗാസയിലെ വ്യോമാക്രമണം. വിവിധ മാദ്ധ്യമ സ്‌ഥാപനങ്ങളുടെ കേന്ദ്രമായിരുന്ന 11 നില കെട്ടിടം ഇസ്രയേൽ സേന നിമിഷ നേരം കൊണ്ട് തകർത്തത് സമൂഹ മാദ്ധ്യമങ്ങളും വാർത്താ ഏജൻസികളും ചർച്ച ചെയ്‌തിരുന്നു. ഇപ്പോൾ, ഇസ്രയേലിനെതിരെ ലോക കോടതിയിൽ പരാതി നൽകാനൊരുങ്ങുകയാണ് ആക്രമണത്തിനിരയായ കെട്ടിടത്തിന്റെ ഉടമ. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.
മെയ് 15ന് യുഎസ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്, അൽ ജസീറ തുടങ്ങിയ പ്രധാന മാദ്ധ്യമ സ്‌ഥാപനങ്ങളുടെ കേന്ദ്രമായ അൽ- ജലാ ടവറിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഒരു ‘യുദ്ധകുറ്റം’ (വാർ ക്രൈം) ആണെന്നാണ് കെട്ടിട ഉടമ ജവാദ് മെഹ്‌ദിയുടെ പരാതി. പലസ്‌തീനിയായ ഇദ്ദേഹം ഇത് സംബന്ധിച്ച് തന്റെ അഭിഭാഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അഡ്വ. ഗില്ലെസ് ഡെവേഴ്‌സ് പ്രസ്‌താവനയിൽ പറഞ്ഞു.
കെട്ടിടത്തിൽ ഹമാസ് സംഘത്തിലെ ചിലർ ഉണ്ടായിരുന്നെന്ന് ആരോപിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. എന്നാൽ, തങ്ങളത് പൂർണമായും നിഷേധിക്കുന്നുവെന്നും ഡെവേഴ്‌സ് വ്യക്‌തമാക്കി. പൗരൻമാരുടെ സ്വത്ത് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ മാത്രമേ അത് നശിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കൂ എന്നാണ് അന്താരാഷ്‌ട്ര നിയമം. അൽ- ജലാ വിഷയത്തിൽ അങ്ങനെ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതിനാൽ പരാതിയുമായി മുന്നോട്ട് പോകാനും കോടതിയെ സമീപിക്കാനും തന്നെയാണ് തീരുമാനമെന്നും ജവാദ് മെഹ്‌ദിയെ ഉദ്ധരിച്ച് ഡെവേഴ്‌സ് പറഞ്ഞു.
ഇസ്രയേൽ വ്യോമസേനയുടെ അത്യാധുനിക സംവിധാനങ്ങളുളള പോർവിമാനമായ എഫ്–16 ൽ നിന്നാണ് അൽ- ജലാ ടവറിൽ ആക്രമണം നടന്നത്. കുതിച്ചെത്തിയ മൂന്ന് മിസൈൽ നിമിഷങ്ങൾക്കുള്ളിൽ എല്ലാം തകർത്തെറിഞ്ഞു. 11 നില കെട്ടിടമാണ് കണ്ണടച്ച് തുറക്കുന്നതിന് മുൻപ് നിലംപൊത്തിയത്. ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെന്നും കെട്ടിടത്തിൽ ഹമാസ് സംഘത്തിലെ ചിലർ ഉണ്ടായിരുന്നുവെന്നും ഇസ്രയേൽ വാദിച്ചു.
മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കെട്ടിടത്തിൽ നിന്ന് കൂടുതൽ സാധനങ്ങൾ മാറ്റാനുള്ള സമയം ഇസ്രയേൽ സേന നൽകിയില്ലെന്ന് ജവാദ് മെഹ്‌ദി പറയുന്നു. പ്രധാന മാദ്ധ്യമ സ്‌ഥാപനങ്ങളുടെ കേന്ദ്രമായ അൽ-ജലാ ടവറിൽ ഒരു എലിവേറ്റർ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഗാസ സിറ്റിയിലെ 11 നില കെട്ടിടത്തിൽ 60 ഓളം റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളും അൽ ജസീറ മീഡിയ നെറ്റ്‌വർക്കും അസോസിയേറ്റഡ് പ്രസും ഉൾപ്പടെ നിരവധി ഓഫീസുകളുണ്ട്. ഇതെല്ലാം കുറഞ്ഞ സമയത്തിനുള്ളിൽ മറ്റൊരിടത്തേക്ക് മാറ്റുക എളുപ്പമല്ലെന്ന് അൽ ജസീറയുടെ മാദ്ധ്യമ പ്രവർത്തകരും അറിയിച്ചിരുന്നു. ഇതൊന്നും മുഖവിലക്കെടുക്കാതെ ആയിരുന്നു ഇസ്രയേൽ സേനയുടെ ആക്രമണം.
Also Read: എയർ ഇന്ത്യയിൽ സൈബർ ആക്രമണം; 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർന്നു