കെജിഎഫിന് ശേഷം പാൻ ഇന്ത്യൻ താരമെന്ന പദവിയിലേക്ക് ഉയർന്ന യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘ടോക്‌സിക്ക്’ ടീസർ എത്തി. നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ടീസർ റിലീസ്. യാഷിന്റെ കഥാപാത്രത്തിന്റെ മാസ് ഇൻട്രോയാണ് ടീസറിലുള്ളത്.
റായ എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. ഒരു ഹോളിവുഡ് ചിത്രത്തെ അനുസ്‌മരിപ്പിക്കും വിധം ചിത്രീകരിച്ച രംഗങ്ങളും ഇന്ത്യൻ സിനിമകളിൽ കണ്ട് പരിചയമില്ലാത്ത ന്യൂഡിറ്റി രംഗങ്ങളും ഉൾപ്പെടുത്തിയ ടീസറിന് വലിയ സ്വീകാര്യതയാണ് പുറത്തുവിട്ട് മിനിറ്റുകൾക്കുള്ളിൽ ലഭിക്കുന്നത്.
ഒരുപറ്റം തോക്കുധാരികളാൽ ചുറ്റപ്പെട്ട, ശവസംസ്‌കാരം നടക്കുന്ന ശ്‌മശാനത്തിൽ കാറിലെത്തുന്ന യാഷിന്റെ കഥാപാത്രം വ്യത്യസ്‌തമായ രീതിയിൽ ശ്‌മശാനമാകെ ബോംബ് വെച്ച് തകർക്കുന്നതും തുടർന്ന് ‘ഡാഡി എസ് ഹോം’ എന്ന ഡയലോഗോടെ ഒറ്റയ്‌ക്ക് ഒരുപറ്റം വില്ലൻമാരെ വെടിവെച്ചിടുന്നതുമാണ് ടീസറിലെ രംഗം.
കടുത്ത ഹോട്ട് ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരുപക്ഷെ വിവാദമായേക്കാം. നേരത്തെ സിനിമയുടെ ആദ്യ ടീസറിലും ഇത്തരം രംഗങ്ങൾ ഉണ്ടായതിനെ തുടർന്ന് സംവിധായികയായ ഗീതുവിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞവർഷം റിലീസ് ചെയ്‌ത പ്രൊമോയിൽ യാഷ് സ്‌ത്രീകളെ എടുത്ത് ഉയർത്തുകയും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഇതിന്റെ പശ്‌ചാത്തലത്തിലായിരുന്നു വിമർശനം.
ഇന്നിറങ്ങിയ ടീസറിൽ ഇതിനെ കടത്തിവെട്ടുന്ന രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്‌ത്രീയെ കേവലം ഒരു ലൈംഗിക ഉപാധിയായി മാത്രമാണ് ടീസറിൽ അവതരിപ്പിക്കുന്നത്. അതേസമയം, നയൻതാര, ഹുമാ ഖുറേഷി, കിയാര അദ്വാനി, താര സുതാരിയ, രുക്‌മിണി വാസന്ത് എന്നിവരുടെ ക്യാരക്‌ടർ പോസ്‌റ്ററുകൾ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.
‘മൂത്തോൻ’ എന്ന സിനിമയ്‌ക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിങ്- ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈനർ- ടിപി അബിദ്.
ഹോളിവുഡ് ആക്ഷൻ ഡയറക്‌ടർ ജെജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്‌ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രാഫി. പിആർഒ- പ്രതീഷ് ശേഖർ. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷിന്റെ മോൺസ്‌റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്‌സിക്ക് നിർമിക്കുന്നത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ- അപ്‌സ്’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം മാർച്ച് 19ന് തിയേറ്ററുകളിൽ എത്തും.
Most Read| വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്‌ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി







































