ഫരീദാബാദ്: ഹരിയാനയിലെ ബല്ലഭഗ്ഡില്‍ 21കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വെടിവച്ചു കൊലപ്പെടുത്തി. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ഫരീദാബാദിലെ അഗര്‍വാള്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി നികിത തോമറിനെ പരീക്ഷ കഴിഞ്ഞ് മടങ്ങും വഴി കാറിലെത്തിയ രണ്ട് പേര് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഇതിനെ ചെറുത്തതോടെയാണ് സംഘം പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണ ദൃശ്യങ്ങള്‍ സുരക്ഷാ ക്യാമറയില്‍ ലഭിച്ചിട്ടുണ്ട്.
ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ മുഖ്യപ്രതിയായ തൗഫീഫിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ഥന നിരസിക്കപ്പെട്ടതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ബല്ലഭ്ഗഡ് എസിപി ജയ്വീര് റാഠി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തൗസീഫും നികിതയും പരസ്പരം അറിയാമെന്നും 2018 ലും ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായും ഫരീദാബാദ് പോലീസ് ഉദ്യോഗസ്ഥന് ഒ പി സിംഗ് പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് മാനനഷ്ടം ഭയന്ന് പരാതി പിന്‍വലിക്കുകയായിരുന്നു.
മകള്‍ക്ക് നീതി ലഭിക്കണമെന്നും പ്രതികളെയും സമാനമായ രീതിയില്‍ തന്നെ ശിക്ഷിക്കണമെന്നും പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു.
അതേസമയം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി പോലീസ് അറിയിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം നാട്ടുകാരും ഫരീദാബാദ്- മഥുര ദേശീയപാത ഉപരോധിച്ചു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ദേശീയ വനിതാ കമ്മീഷനും കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ ഹരിയാന പോലീസ് മേധാവിക്ക് കത്ത് അയച്ചിട്ടുണ്ട്.
Read Also: കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം





































