കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ സ്‌ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ചിട്ടിക്ക് എന്ന പേരിൽ ശ്രീ ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് നിയമവിരുദ്ധമായി പ്രവാസികളിൽ നിന്ന് നേരിട്ട് 593 കോടി രൂപ സമാഹരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഈ പണം പിന്നീട് അക്കൗണ്ട് വഴി കൈമാറിയെന്നും വിദേശത്തേക്ക് പണമയച്ചെന്നും ഇത് ആർബിഐ, ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇഡി ഉദ്യോഗസ്‌ഥർ പറയുന്നു. കോഴിക്കോട്ടും ചെന്നൈയിലും ഗോകുലത്തിന്റെ ഓഫീസുകളിലും വീടുകളിലുമായി നടത്തിയ പരിശോധനയിൽ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട രേഖകളും 1.50 കോടി രൂപയും പിടിച്ചെടുത്തതായും ഇഡിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
ഇന്നലെ കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസ്, ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് കോർപറേറ്റ് ഓഫീസ്, ഗോകുലം ഗോപാലന്റെ മകനും എംഡിയുമായ ബൈജുവിന്റെ നീലാങ്കരയിലെ വസതി എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്. ചെന്നൈയിലെ റെയ്‌ഡ് ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. ആദ്യം കോഴിക്കോട്ടും പിന്നീട് ചെന്നൈയിലുമാണ് ഗോകുലം ഗോപാലനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തത്.
ഗോകുലം ഗ്രൂപ്പ് വിദേശനാണയ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്നും സിനിമയിലടക്കം നിക്ഷേപിച്ചത് ചട്ടങ്ങൾ ലംഘിച്ചു സ്വീകരിച്ച പണമാണെന്നുമുള്ള വിലയിരുത്തലിലായിരുന്നു പരിശോധനകളും ചോദ്യം ചെയ്യലും. ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കുന്നുണ്ട്. എമ്പുരാൻ സിനിമയ്‌ക്കായി നിക്ഷേപിച്ച പണവും ഇതിൽപ്പെടുന്നതാണോ എന്ന അന്വേഷണവും നടക്കുന്നതായി സൂചനയുണ്ട്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!