Ajwa Travels

കൊച്ചി: വിദേശവിനിമയ (ഫെമ) ചട്ടലംഘനവുമായി ബന്ധപ്പെട്ട് മൂന്നാംവട്ട ചോദ്യം ചെയ്യലിനായി പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

നേരത്തെ രണ്ടുതവണ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് കോർപറേറ്റ് ഓഫീസ്, ഗോകുലം ഗോപാലന്റെ മകനും എംഡിയുമായ ബൈജുവിന്റെ നീലാങ്കരയിലെ വസതി, കോഴിക്കോടുള്ള ധനകാര്യ സ്‌ഥാപനം എന്നിവിടങ്ങളിലായി 14 മണിക്കൂർ നീണ്ട പരിശോധനക്ക് പിന്നാലെ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.

ഇതിന് പിന്നാലെ ഇന്നലെയും ആറുമണിക്കൂറോളം കൊച്ചി ഇഡി ഓഫീസിൽ വെച്ച് ചോദ്യം ചെയ്‌തിരുന്നു. ഗോപാലൻ ഹാജരാക്കിയ രേഖകളിൽ ഇഡി പരിശോധന തുടരുകയാണെന്നാണ് വിവരം. ഇഡിക്ക് സംശയം തോന്നിയ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞതെന്ന് ഗോകുലം ഗോപാലൻ ഇന്നലെ പറഞ്ഞിരുന്നു. അതിനുള്ള ഉത്തരം കൃത്യമായി നൽകിയിട്ടുണ്ട്. മറ്റു കാര്യങ്ങളെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൊച്ചിയിൽ സോണൽ ഓഫീസർ വിളിച്ചുവരുത്തിയാണ് ഉച്ചയ്‌ക്ക് ഒരുമണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ചിട്ടിക്ക് എന്ന പേരിൽ ശ്രീ ഗോകുലം ചിറ്റ്‌സ്‌ ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഫെമ നിയമം ലംഘിച്ചെന്നും പ്രവാസികളിൽ നിന്നടക്കം പണം സ്വീകരിച്ചെന്നുമാണ് ഇഡി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയത്‌.

കോഴിക്കോട്ടും ചെന്നൈയിലും ഗോകുലത്തിന്റെ ഓഫീസുകളിലും വീടുകളിലുമായി നടത്തിയ പരിശോധനയിൽ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട രേഖകളും 1.50 കോടി രൂപയും പിടിച്ചെടുത്തതായും ഇഡി വ്യക്‌തമാക്കിയിരുന്നു. മാത്രമല്ല, പ്രവാസികളിൽ നിന്ന് 371.80 കോടി രൂപയും 220.74 കോടി രൂപയുടെ ചെക്കും സ്വീകരിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

ഇത് റിസർവ് ബാങ്ക് ചട്ടങ്ങളുടെയും വിദേശനാണയ വിനിമയ ചട്ടങ്ങളുടെയും (ഫെമ) ലംഘനമാണെന്ന് ഇഡി പറയുന്നു. 592.54 കോടി രൂപ പ്രവാസികളിൽ നിന്ന് സ്വീകരിച്ചതിന് പുറമെ രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്ക് വലിയ അളവിൽ പണം നൽകിയിട്ടുണ്ടെന്നും ഇതും ഫെമ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണെന്നും ഇഡി കണ്ടെത്തി.

‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമയുടെ നിർമാതാവ് കൂടിയായ ഗോകുലം ഗ്രൂപ്പിന്റെ റെയ്‌ഡിന് രാജ്യവ്യാപകമായ ശ്രദ്ധയും ലഭിച്ചിരുന്നു. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിലും ഗോകുലം മാളിലുമാണ് വെള്ളിയാഴ്‌ച ഇഡി പരിശോധന നടത്തിയത്. ചെന്നൈയിലെ പരിശോധന ശനിയാഴ്‌ചയും തുടർന്നിരുന്നു.

Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE