കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ചെന്നൈയിലെ ഓഫീസിലെത്തിച്ചു. കോടമ്പാക്കത്തെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ഓഫീസിൽ ഇഡി റെയ്‌ഡ് നടത്തിയതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിൽ നടത്തിയ പരിശോധനയ്‌ക്കിടെയാണ് എത്രയും വേഗം ചെന്നൈയിലെത്താൻ ഗോകുലം ഗോപാലനോട് ഇഡി ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നിന്ന് ഇഡി ഉദ്യോഗസ്‌ഥനൊപ്പമാണ് ഗോകുലം ഗോപാലൻ ചെന്നൈയിലെത്തിയത്. കോഴിക്കോട്ട് രാവിലെ 11.30ഓടെ ആരംഭിച്ച പരിശോധന മൂന്ന് മണിയോടെയാണ് അവസാനിച്ചത്.
അതേസമയം, ചെന്നൈയിലെ ഗോകുലത്തിന്റെ ഓഫീസുകളിൽ നടത്തുന്ന പരിശോധന പത്തുമണിക്കൂർ പിന്നിട്ടും തുടരുകയാണ്. വിദേശനാണയ വിനിമയച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന കേസുകളുടെ തുടർനടപടികളുടെ ഭാഗമായാണ് ഇഡി പരിശോധന നടത്തുന്നതെന്നാണ് വിവരം. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
എമ്പുരാൻ സിനിമയുടെ നിർമാതാവ് കൂടിയാണ് ഗോകുലം ഗോപാലൻ. ചിത്രം റിലീസായതിന് പിന്നാലെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. വിവാദങ്ങൾ കത്തിനിൽക്കേ, ഗോകുലം ഗോപാലന്റെ സ്‌ഥാപനത്തിൽ ഇഡി എത്തിയത് വലിയ ചർച്ചയായിട്ടുണ്ട്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!