കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് 35 രൂപ ഉയർന്ന് വില 8070 രൂപയായി. 280 രൂപ കൂടി 64,560 രൂപയാണ് പവൻ വില. ഈ മാസം 11ന് രേഖപ്പെടുത്തിയ പവന് 64,480 രൂപയും ഗ്രാമിന് 8035 രൂപയുമെന്ന റെക്കോർഡ് തകർന്നു. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ മാത്രം പവന് 2920 രൂപയും ഗ്രാമിന് 365 രൂപയുമാണ് കൂടിയത്.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 30 രൂപ ഉയർന്ന പുത്തനുയരമായ 6640 രൂപയിലെത്തി. ഏറെക്കാലമായി മാറ്റമില്ലാതിരുന്ന വെള്ളി വിലയും ഗ്രാമിന് ഒരുരൂപ വർധിച്ചു 108 രൂപയായി. 3% ജിഎസ്‌ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ ചേരുമ്പോൾ 69,876 രൂപയെങ്കിലും കൊടുത്താലേ കേരളത്തിൽ ഇന്ന് ഒരുപവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 8735 രൂപയും.
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ പകരത്തിന് പകരം തീരുവ ഏർപ്പെടുത്തുന്നതിൽ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, പുതുതായി മരുന്നുകൾ, വാഹനം, സെമികണ്ടക്‌ടറുകൾ എന്നിവയ്‌ക്കും 25% തീരുവ ഏർപ്പെടുത്തി വ്യാപാരയുദ്ധത്തിന് തീവ്രത കൂട്ടിയത് പുതിയ ഉയരത്തിലേക്ക് കുതിക്കാൻ സ്വർണത്തിന് ആവേശമായി.
ട്രംപിന്റെ ഈ തീരുമാനങ്ങൾ ആഗോള സമ്പദ്‍വ്യവസ്‌ഥയെ പ്രതിസന്ധിയിലാക്കുന്നതും വ്യാപാരയുദ്ധം ഉലയുന്നതും ഇതുമൂലം ഓഹരി വിപണികൾ നേരിടുന്ന വിൽപ്പന സമ്മർദ്ദവുമാണ് സ്വർണവിലയെ മുന്നോട്ട് നയിക്കുന്നത്. അമേരിക്ക-യുക്രൈൻ, അമേരിക്ക- യൂറോപ്യൻ യൂണിയൻ ബന്ധം വഷളാകുന്നതും സ്വർണത്തിനാണ് അനുകൂലം.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി